മനാമ: ബഹ്റൈനിലുള്ള വിവിധ രാജ്യങ്ങളുടെ അംബാസഡർമാരെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചു.
ജർമൻ അംബാസഡർ ക്ലിമൻസ് ആഗസ്റ്റിയോനസ് ഹാഖ്, ഫ്രാൻസ് അംബാസഡർ എറിക് ജെറോ ടിം, യു.കെ അംബാസഡർ എലിസ്റ്റർ ലോഞ്ച്, ഇറ്റാലിയൻ അംബാസഡർ അൻഡ്രിയ കാതാലിയാനോ, യു.എസ് എംബസിയിലെ സാമ്പത്തിക, രാഷ്ട്രീയ കാര്യ ഉപദേഷ്ടാവ് എലിസബത്ത് ഹാറ്റിങ് എന്നിവരെയാണ് സ്വീകരിച്ചത്. അംബാസഡർമാർ പ്രതിനിധാനം ചെയ്യുന്ന രാജ്യങ്ങളും ബഹ്റൈനും തമ്മിൽ നിലനിൽക്കുന്ന ബന്ധവും സഹകരണവും ശക്തമാണെന്ന് വിലയിരുത്തി.
കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിന് അംബാസഡർമാർ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. മേഖലയിൽ സമാധാനവും ശാന്തിയും സാധ്യമാക്കുന്നതിന് നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾ വിജയത്തിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഗസ്സയിൽ വെടിനിർത്തലിനുളള ശ്രമങ്ങൾ ആരംഭിച്ചതായുള്ള യു.എസ് പ്രസിഡന്റ് ജോബൈഡന്റെ പ്രസ്താവന പ്രതീക്ഷ നൽകുന്നതാണെന്നും വിലയിരുത്തി.
ഗസ്സയിൽ സമാധാനാന്തരീക്ഷം എത്രയും വേഗം കൈവരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയ കാര്യ വിഭാഗം മേധാവി ശൈഖ് ഡോ. അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ, അഹ്മദ് ഇബ്രാഹിം അൽ ഖറൈനീസ്, അമേരിക്കൻ കാര്യ വിഭാഗം മേധാവി സൽമാൻ ഹസൻ അൽ ജലാഹിമ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.