മനാമ: കായികപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ്പ്രീ മത്സരങ്ങൾക്ക് വെള്ളിയാഴ്ച ട്രാക്കുണരും. നിലവിലെ ലോക ചാമ്പ്യൻ മാക്സ് വെസ്റ്റാപ്പനും ഏഴു തവണ ലോക ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടണും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് കാറോട്ടമത്സരത്തിന്റെ ആരാധകർ കാത്തിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ അബൂദബിയിൽ നടന്ന അവസാന മത്സരത്തിൽ നാടകീയ സംഭവവികാസങ്ങൾക്കൊടുവിലാണ് ഹാമിൽട്ടണിനെ മറികടന്ന് വെസ്റ്റാപ്പൻ ലോക ചാമ്പ്യനായത്. അന്നത്തെ വിവാദ തീരുമാനമെടുത്ത മൈക്കേൽ മാസിയെ റേസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റുകയും പകരം മുഹമ്മദ് ബിൻ സുലായെമിനെ നിയമിക്കുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ കിരീടപ്പോരാളികൾ അന്നു നിർത്തിയ പോരാട്ടം ബഹ്റൈനിൽ പുനരാരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. കഴിഞ്ഞ വർഷത്തെ കിരീടനഷ്ടത്തിന്റെ വേദന മറക്കാനുള്ള ഒരുക്കത്തിലാണ് ലൂയിസ് ഹാമിൽട്ടനും അദ്ദേഹത്തിന്റെ മെഴ്സിഡസ് ടീമും.
പുതിയ രൂപത്തിലുള്ള കാറുകൾ, കൂടുതൽ ഭാരവും വലുപ്പവുമുള്ള വീലുകൾ എന്ന സവിശേഷതകളോടെയാണ് ഇത്തവണത്തെ ഫോർമുല വൺ സീസൺ സഖീറിലെ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ ആരംഭിക്കുന്നത്. മെഴ്സിഡസ്, ആൽപൈൻ, ഹാസ്, റെഡ്ബുൾ, മക്ലാരൻ, ആസ്റ്റൺ മാർട്ടിൻ, ഫെരാരി, ആൽഫാടോറി, ആൽഫ റോമിയോ, വില്യംസ് എന്നിവയാണ് മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ.
മനാമ: വെള്ളിയാഴ്ച ആരംഭിക്കുന്ന ഫോർമുല വൺ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ അംഗീകാരമില്ലാത്ത സ്രോതസ്സുകളിൽനിന്ന് വാങ്ങുന്നതിനെതിരെ മുന്നറിയിപ്പുമായി ഇന്റർനാഷനൽ സർക്യൂട്ട്. പരിമിതമായ ടിക്കറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ അവസരം മുതലെടുത്ത് അനധികൃത ടിക്കറ്റ് വിൽപനക്കാർ രംഗത്തുണ്ട്. ഇത്തരക്കാരിൽനിന്ന് വാങ്ങുന്ന ടിക്കറ്റുകളുടെ കാര്യത്തിൽ ബി.ഐ.സിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഇവ യഥാർഥ ടിക്കറ്റുകളാണോ എന്ന കാര്യത്തിൽ ബി.ഐ.സിക്ക് ഉറപ്പുനൽകാനാവില്ല. ഇത്തരം ടിക്കറ്റുകൾ റദ്ദാക്കപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
മെയിൻ ഗ്രാൻഡ് സ്റ്റാൻഡ്, ടേൺ വൺ ഗ്രാൻഡ് സ്റ്റാൻഡ് സീറ്റുകൾ പൂർണമായി വിറ്റുതീർന്നതായി ബി.ഐ.സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബറ്റെൽകോ ഗ്രാൻഡ് സ്റ്റാൻഡ്, യൂനിവേഴ്സിറ്റി ഗ്രാൻഡ് സ്റ്റാൻഡ്, വിക്ടറി ഗ്രാൻഡ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ഏതാനും ടിക്കറ്റുകൾ ബാക്കിയുള്ളത്. bahraingp.com എന്ന ബി.ഐ.സിയുടെ വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.