മനാമ: പാട്ടിന്റെ വൈദ്യുതാലിംഗനത്താൽ നൂറുകണക്കിനുവരുന്ന സംഗീതപ്രേമികൾ ത്രസിച്ചുനിന്ന ദിവസമായിരുന്നു ചൊവ്വാഴ്ച. 25 ാം വാർഷികാഘോഷത്തോടനുബന്ധിച്ച്, ഗൾഫ്മാധ്യമം ഏഷ്യൻ സ്കൂളിലെ ഗംഭീരമായ വേദിയിൽ സംഘടിപ്പിച്ച ‘മധുമയമായ് പാടാം’ മെഗാ എന്റർടെയ്ൻമെന്റ് പരിപാടി അക്ഷരാർഥത്തിൽ സംഗീതോത്സവമായി മാറി. എം.ജി. ശ്രീകുമാറിന്റെ മായിക ശബ്ദത്തിനൊപ്പം പ്രേക്ഷകർ ആടിയും പാടിയും താളമിട്ടും ആർപ്പുവിളിച്ചും പരിപാടി ആസ്വദിച്ചു. നാലുമണിക്കൂർ നീണ്ട പരിപാടിയിൽ ഒരു മിനിറ്റുപോലും കാണികളെ മടുപ്പിക്കാത്ത രീതിയിലായിരുന്നു പാട്ടുകളുടെ സെലക്ഷൻ.
പാട്ടിന്റെ താളം മുറുകിയതോടെ വേദിയിലേക്കോടിക്കയറിയ കുട്ടിപ്പട്ടാളത്തെ ചേർത്തുനിർത്തി പാടാനും എം.ജി അങ്കിൾ സമയം കണ്ടെത്തി. പ്രണയവും വിഷാദവും മെലഡിയും ഫാസ്റ്റ് നമ്പറുകളുമായി സംഗീതം മുറുകിയപ്പോൾ കാണികൾക്ക് അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല. വിധു പ്രതാപിന്റെ അസാധാരണ വൈഭവവും കൂടിയായപ്പോൾ പരിപാടി ജോറായി.
ഒപ്പം നിത്യ മാമ്മനും ശിഖ പ്രഭാകരനും ലിബിൻ സഖറിയ, അസ്ലം, റഹ്മാൻ പത്തനാപുരം ടീമും. കൊട്ടിക്കയറിയ താളത്തിനനുസരിച്ച് പ്രേക്ഷകർക്കിടയിലേക്കിറങ്ങി അവതാരകൻ മിഥുൻ രമേഷിന്റെ തകർപ്പൻ പ്രകടനം. കാണികളുടെ എല്ലാ ആവശ്യങ്ങളും പരിഹരിച്ചുകൊണ്ട് സേവനം നൽകിയ സംഘാടക സമിതിയുടെ പ്രവർത്തനവും എടുത്തുപറയത്തക്കതായിരുന്നു. മുഴുവനാളുകളും നിറഞ്ഞ മനസ്സോടെ വീടുകളിലേക്ക് പോയ അപൂർവ അനുഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.