മനാമ: വാറ്റ്, എക്സൈസ് വെട്ടിപ്പുമായി ബന്ധപ്പെട്ട് നാഷനൽ റവന്യൂ ബ്യൂറോ ആഗസ്റ്റിൽ 157 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനും വാറ്റ് നിയമം യഥാവിധി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് വിവിധ ഗവർണറേറ്റുകളിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.
അഞ്ചു ഗവർണറേറ്റുകളിലും പ്രാദേശിക മാർക്കറ്റുകളിലായിരുന്നു പരിശോധന. 37 വാറ്റ് ലംഘനങ്ങൾ കണ്ടെത്തി. പരിശോധനയിൽ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ വ്യാപാരികൾക്കെതിരെ നടപടിയെടുക്കുമെന്ന് എൻ.ബി.ആർ അറിയിച്ചു. വാറ്റ്, എക്സൈസ് നിയമങ്ങൾക്കനുസൃതമായി ഇവരിൽനിന്ന് പിഴയീടാക്കും.
കടുത്ത നിയമലംഘനം കണ്ടെത്തിയാൽ ക്രിമിനൽ കേസ് നടപടികൾ ആരംഭിക്കും. അഞ്ച് വർഷം തടവും വാറ്റ് നിയമം അനുസരിച്ച് അടക്കേണ്ട വാറ്റിന്റെ മൂന്നിരട്ടി തുകക്ക് തുല്യമായ പിഴയും വരെ ഇവർക്ക് ശിക്ഷ ലഭിക്കാം. എക്സൈസ് നിയമപ്രകാരം വെട്ടിച്ച എക്സൈസ് നികുതിയുടെ ഇരട്ടിക്ക് തുല്യമായ പിഴയും ഒരു വർഷം തടവുമാണ് നിയമലംഘകർ ശിക്ഷ അനുഭവിക്കേണ്ടത്.
ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക, ബിസിനസ് നിലവാരം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ മുൻനിർത്തിയായിരുന്നു പരിശോധനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.