മനാമ: ജി.സി.സി രാജ്യങ്ങളിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിതുറക്കുന്ന റെയിൽവേ പദ്ധതിയുടെ നടപടികൾ തുടങ്ങി. 2030 ഡിസംബറിൽ യാഥാർഥ്യമാക്കാനുദ്ദേശിക്കുന്ന പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങി. ജനാബിയ പ്രദേശത്ത് 17 വസ്തുവകകൾ ഏറ്റെടുക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഉത്തരവ് മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് പുറപ്പെടുവിച്ചു. ജി.സി.സി റെയിൽവേ പദ്ധതിയുടെ പ്രവർത്തന പദ്ധതി സംബന്ധിച്ച് പഠിക്കാൻ കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
സൗദി അറേബ്യയിലെ റിയാദിൽ ജൂലൈ ഏഴിനകമാണ് ടെൻഡർ സമർപ്പിക്കേണ്ടത്. ടെൻഡറുകൾ ഒരു മാസത്തിനുശേഷം തുറക്കും. ജനാബിയക്ക് പുറമെ റാംലി, നുവൈദ്രത്ത്, മുഹറഖ് എന്നിവിടങ്ങളിലും ഭൂമി ഏറ്റെടുക്കുന്നുണ്ട്. മുഹറഖ് ഗവർണറേറ്റിലെ നഗര നവീകരണ പദ്ധതികൾക്കായും ഭൂമി ഏറ്റെടുക്കുന്നുണ്ട്. എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട റെയിൽവേ പദ്ധതി. യു.എ.ഇയും സൗദിയുമാണ് പദ്ധതിയുടെ പ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ടുപോയിരിക്കുന്നത്. യു.എ.ഇയുടെ ഇത്തിഹാദ് റെയിൽ 900 കി.മീറ്റർ പൂർത്തിയാക്കി ഫെബ്രുവരിയിൽ ചരക്കുസേവനം ആരംഭിച്ചു. ജുബൈലിലൂടെ കടന്നുപോകുന്ന സൗദി റെയിൽ റാസൽഖൈർ-ദമാൻ റൂട്ടിൽ 200 കി.മീറ്റർ പൂർത്തിയായി.
സുഹാർ തുറമുഖത്തെ യു.എ.ഇ ദേശീയ റെയിലുമായി ബന്ധിപ്പിക്കുന്നതിന് ഒമാൻ റെയിലും ഇത്തിഹാദ് റെയിലും സംയുക്ത സംരംഭം സ്ഥാപിച്ച് സ്ഥലം ഏറ്റെടുക്കൽ ജോലി പുരോഗമിക്കുകയാണ്. ഖത്തർ റെയിലിന്റെ അടിസ്ഥാന സൗകര്യ വികസനവും രൂപകൽപനയും പൂർത്തിയായി. ബഹ്റൈനെ ജി.സി.സി റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സമാന്തര പാലം പദ്ധതിയുടെ ആദ്യഘട്ടവും കുവൈത്തിന്റെ 111 കി.മീറ്റർ റെയിൽവേ ട്രാക്കിന്റെ രൂപകൽപനയും കഴിഞ്ഞിട്ടുണ്ട്.
ഓരോ രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതി പൂർത്തിയായാൽ ജനങ്ങൾക്ക് ഏറെ സൗകര്യവും വികസനരംഗത്ത് കുതിപ്പിന് വഴിവെക്കുന്നതുമാവും ജി.സി.സി റെയിൽ. പശ്ചിമേഷ്യയിലെ ഗതാഗത സംവിധാനത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതാണ് പദ്ധതി. 25 ബില്യൻ ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള അകലം ഒന്നുകൂടി കുറയും. പദ്ധതി യാഥാർഥ്യമാവുന്നത് അംഗരാജ്യങ്ങൾക്കിടയിലെ യാത്രാ, ചരക്ക് നീക്കത്തിന് ഏറെ എളുപ്പമാവുമെന്നും ഇതുവഴി ജി.സി.സി തലത്തിൽ സാംസ്കാരിക, വാണിജ്യ, വ്യവസായ സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. 2,177 കി.മീറ്റർ ദൈർഘ്യമുള്ള ട്രാക്കിലൂടെ യാത്രാ ട്രെയിനുകൾക്കൊപ്പം ചരക്കുട്രെയിനുകളും കൂകിപ്പായും. ഇത് വാണിജ്യ മേഖലയിലും ഉണർവിന് കാരണമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.