മനാമ: ബഹ്റൈനിലെ ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മാതൃകയാവുകയാണ് ഗീത വേണുഗോപാൽ. കോട്ടയം മുട്ടമ്പലം സ്വദേശിയായ ഗീത, പ്രാദേശിക സാമൂഹിക ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുമ്പോഴാണ് പ്രവാസിയായി ബഹ്റൈനിൽ എത്തുന്നത്. ഹോം നഴ്സായി ജോലി ചെയ്യുമ്പോൾ, നിരവധി ആളുകൾ അവരുടെ പ്രയാസങ്ങൾ പങ്കുവെക്കുകയുണ്ടായി.
ഇത്തരം അനുഭവങ്ങളാണ് ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവമാകാൻ പ്രേരിപ്പിച്ചത്. പ്രതിഭയുടെ ഹെൽപ് ലൈൻ ജോയന്റ് കൺവീനർ അംഗമായി നിരവധി പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. വിസ കാലാവധി കഴിഞ്ഞവർ, അസുഖ ബാധിതർ, വഞ്ചനയിലകപ്പെട്ട സ്ത്രീകളുടെ പ്രശ്നങ്ങളിലെല്ലാം നിരവധി പേരെ, നിയമനടപടികൾക്കുശേഷം സുരക്ഷിതമായി നാട്ടിലെത്തിച്ചു. അവരുമായി ഇപ്പോഴും നല്ലബന്ധം കാത്ത് സൂക്ഷിക്കുകയും സഹായങ്ങൾക്ക് നന്ദി പറയാറുണ്ടെന്നും ഗീത പറഞ്ഞു.
വർഷങ്ങളായി കുടുംബവുമായി ബന്ധമില്ലാത്ത കണ്ണൂർ സ്വദേശിയുടെ ഭാര്യ, ഭർത്താവിനെ കണ്ടെത്താൻ സഹായമഭ്യർഥിച്ചപ്പോൾ, ദിവസങ്ങൾക്കകം കണ്ടെത്താനും ചികിത്സ നൽകി നാട്ടിലേക്ക് തിരിച്ചയക്കാനും കഴിഞ്ഞു. വിസ കാലാവധി കഴിഞ്ഞ് മാനസിക പ്രശ്നങ്ങളിൽ വലഞ്ഞിരുന്ന സ്ത്രീയുടെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാൻ കഴിഞ്ഞതും ഹൃദയസ്പർശിയായ സന്ദർഭങ്ങളായിരുന്നു.
ഗീത വേണുഗോപാൽ
സൗദി, യു.എ.ഇ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നും എത്തുന്ന സഹായ അന്വേഷണങ്ങൾക്ക് അവിടത്തെ സാമൂഹിക പ്രവർത്തകരും എംബസിയുമായി ബന്ധപ്പെട്ടും ഇവിടെ നിന്നുതന്നെ സഹായങ്ങൾ ചെയ്യാനും കഴിഞ്ഞിട്ടുണ്ട്. കലാഭവൻ സേവന ചാരിറ്റി ട്രസ്റ്റിന്റെ ജി.സി.സി ജോയന്റ് കൺവീനറായിട്ടും നാട്ടിലെ രക്ഷാധികാരിയായിട്ടും പ്രവർത്തിച്ചു വരുകയാണ്.
നിർധന കുടുംബത്തിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ, പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ എന്നിവ നൽകാനും നിരവധി കുടുംബങ്ങൾക്ക് വീടുവെക്കാനും, സ്ഥലം കണ്ടെത്തി നൽകാനും സംഘടനയിലൂടെ കഴിഞ്ഞിട്ടുണ്ട്.
ഇപ്പോൾ വൃദ്ധസദന നിർമാണത്തിനായുള്ള തയാറെടുപ്പിലാണ് ഗീതയുടെ നേതൃത്വത്തിൽ സംഘാടകർ. ജീവകാരുണ്യ പ്രവർത്തനം, ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുകയാണെണ്. വരുമാനത്തിന്റെ ഏറിയ പങ്കും ഈ കാര്യങ്ങൾക്കായിട്ടാണ് വിനിയോഗിക്കുന്നത്. ഭർത്താവ് വേണു ഗോപാൽ നൽകുന്ന സാമ്പത്തികമായും മാനസികമായുമുള്ള പിന്തുണ വിലമതിക്കാനാവാത്തതാണെന്നും അവർ പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തനരംഗത്തെ പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും ഗീതയെ തേടിയെത്തിയിട്ടുണ്ട്. എ.പി.ജെ. അബ്ദുൽകലാം നാരി പുരസ്കാരം, ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം, തണൽ സൗഹൃദ സംഗമത്തിന്റെ ആദരവ്, കലാഭവൻ സേവനസമിതി ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ അവാർഡ്, അമൃത ബ്ലഡ് ഡോണേഷൻ ഗ്രൂപ് അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
25 വർഷമായി ഭർത്താവ് വേണുഗോപാലിനൊപ്പം ബഹ്റൈനിലാണ് ഗീത. രണ്ട് മക്കളാണ്. മകൾ ദുബൈയിലും മകൻ ബഹ്റൈനിലെ ഒരു കമ്പനിയിലും ജോലി ചെയ്യുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും കുടുംബത്തിന്റെ പിന്തുണയും സ്നേഹവും ഒപ്പമുള്ളതാണ് ഏറ്റവും വലിയ സന്തോഷമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.