മനാമ: ഗൾഫ് മാധ്യമത്തിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക്, അത് പിറവിയെടുത്ത ബഹ്റൈനിന്റെ മണ്ണിൽ തുടക്കംകുറിച്ചപ്പോൾ നെഞ്ചോടു ചേർത്ത് പ്രവാസലോകം. ബഹ്റൈൻ കേരളീയ സമാജത്തിലാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ പ്രഖ്യാപനം നടന്നത്. പ്രവാസികളുടെ വികാരവും വിചാരവുമായി പ്രവാസലോകത്തിന്റെ മുഖപത്രം എന്നനിലയിൽ കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ ആശംസകളർപ്പിക്കാനും സന്തോഷം പങ്കിടാനുമായി പവിഴദ്വീപിന്റെ പരിഛേദംതന്നെ ഒഴുകിയെത്തി. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളുടെ നേതാക്കൾ, ബിസിനസ് ലോകത്തെ പ്രമുഖർ, വ്യവസായികൾ, വ്യാപാരികൾ, ജീവകാരുണ്യ പ്രവർത്തകർ, ജില്ല അസോസിയേഷനുകളുടെ അമരക്കാർ, മാധ്യമപ്രവർത്തകർ, കലാകാരന്മാർ, എഴുത്തുകാർ, വായനക്കാർ എന്നുവേണ്ട പ്രവാസലോകത്തിന്റെ കുതിപ്പിന് ഗതിവേഗം നൽകുന്ന എല്ലാവരും ഒത്തൊരുമിച്ച് ആഘോഷപരിപാടികളിൽ പങ്കാളികളായി.1999ലാണ് ഗൾഫ് മാധ്യമം ബഹ്റൈനിൽ പ്രസിദ്ധീകരണമാരംഭിച്ചത്. ആദ്യമായി വിദേശത്ത് പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ ദിനപത്രം. പിന്നീട് ഘട്ടം ഘട്ടമായി മറ്റു ജി.സിസി.സികളിലേക്കും വളർന്നു. കോവിഡ് ഉൾപ്പെടെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച പത്രം ഇന്ന് ഡിജിറ്റൽ മേഖലയിലും വലിയ സാന്നിധ്യമായി വളർന്നിരിക്കുന്നു. നിരവധി ഇവന്റുകളിലൂടെ കലാ, സാംസ്കാരിക, വിദ്യാഭ്യാസ, ബിസിനസ് മേഖലയിലെല്ലാം സജീവ സാന്നിധ്യമായ പത്രത്തിന്റെ രജതജൂബിലി പരിപാടികൾ ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ വിശദീകരിച്ചു. ഈ മാസം 18ന് ഏഷ്യൻ സ്കൂളിൽ നടക്കുന്ന അനുഗൃഹീത ഗായകൻ എം.ജി. ശ്രീകുമാർ നയിക്കുന്ന ‘മധുമയമായ് പാടാം’ സംഗീതനിശ പ്രവാസലോകത്തിന്റെ പെരുന്നാൾ ആഘോഷങ്ങളെ സമ്മോഹനമാക്കും. ബിസിനസ് മേഖലയിലുള്ളവർക്ക് പുതിയ കാഴ്ചപ്പാടും വെളിച്ചവും പകരുന്ന ബോസസ് ഡേ ഔട്ട് ,എജുകഫേ, സോക്കർ കാർണിവൽ തുടങ്ങിയ പരിപാടികളും തുടർന്നുള്ള മാസങ്ങളിൽ നടക്കും. ഗൾഫ് മാധ്യമം റീജനൽ മാനേജർ ജലീൽ അബ്ദുല്ല അതിഥികളെ സ്വാഗതം ചെയ്തു. ചീഫ് റിപ്പോർട്ടർ ബിനീഷ് തോമസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.