നാട്ടിലായാലും ഇവിടെയായാലും പത്രവായന നിർബന്ധമുള്ളയാളുകളിലൊരാളാണ് ഞാൻ. ഗൾഫിൽ എത്തിയ കാലത്തും വാർത്തകളറിയാൻ അതീവ താൽപര്യമുണ്ടായിരുന്നു. എന്നാൽ അക്കാലത്ത് ഒരുദിവസം മുമ്പുള്ള പത്രം വായിക്കാനും പഴയ വാർത്തകളറിയാനുമുള്ള സാഹചര്യമേയുള്ളു. അന്ന് കോഴിക്കോട് നിന്ന് ബഹ്റൈനിലേക്ക് വിമാനമില്ല.
ബോംബെയിൽനിന്നാണ് എല്ലാ ദിവസവും ൈഫ്ലറ്റുള്ളത്. അതുകൊണ്ടുതന്നെ മലയാള പത്രങ്ങൾ ബോംബെയിലെത്തിച്ച് അവിടെ നിന്നാണ് ഇവിടെയെത്തിക്കുന്നത്.
ഹാഷിം മാണിയോത്ത് (മാനേജിങ് ഡയറക്ടർ, നെസ്റ്റോ)
ഗൾഫ്മാധ്യമം ബഹ്റൈനിൽ പ്രസിദ്ധീകരണമാരംഭിച്ചപ്പോഴാണ് പ്രഭാത പത്രവായന സാധ്യമായത്. അതും ചൂടാറാത്ത വാർത്തകൾ. അന്നുമുതൽ ഇന്നുവരെ മുടങ്ങാതെ രാവിലെ തന്നെ പത്രം വായിക്കാൻ കഴിയുന്നു.
എന്തെങ്കിലും കാരണവശാൽ പത്രം ലഭിക്കാതെ വന്നാൽ ഞാൻ അവരെ വിളിച്ചു ചോദിക്കാറുണ്ട്. അതിനുശേഷം മറ്റു പത്രങ്ങളും ഇവിടെനിന്നും പ്രസിദ്ധീകരണമാരംഭിച്ചു. എന്നാൽ പടിപടിയായി അവയൊക്കെ പ്രസിദ്ധീകരണം നിർത്തുകയായിരുന്നു. നെസ്റ്റോയും ഗൾഫ്മാധ്യമവുമായുള്ള ബന്ധം തുടക്കം മുതലുള്ളതാണ്.
ബഹ്റൈനിൽനിന്ന് മറ്റ് ജി.സി.സികളിലേക്കെല്ലാം കാലെടുത്തുവെക്കാൻ ഗൾഫ് മാധ്യമത്തിന് ചുരുങ്ങിയ സമയംകൊണ്ട് കഴിഞ്ഞു. ഇന്ന് ഡിജിറ്റൽ യുഗത്തിൽ, ഗൾഫ്മാധ്യമവും ഡിജിറ്റലായി മാറിയിരിക്കുന്നു. കാലഘട്ടത്തിനനുസരിച്ച് മാറാൻ കഴിയുന്നതുകൊണ്ട് ഈ പത്രം ഇനിയും വളരുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇരുപത്തിയഞ്ചുവർഷം പൂർത്തിയാക്കിയ ഗൾഫ് മാധ്യമത്തിന് എല്ലാവിധ ആശംസകളും നേരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.