മനാമ: പകർച്ചവ്യാധികളെ നേരിടാൻ നവീനമായ കർമപദ്ധതി രാജ്യം ആവിഷ്കരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. ജലീല അസ്സയിദ്. പ്രഭവസമയത്തുതന്നെ പകർച്ചവ്യാധി കണ്ടെത്താനും അവയെ നിയന്ത്രിക്കാനും സാധിക്കുന്നതരത്തിൽ ആരോഗ്യരംഗം സുസജ്ജമാണ്. ഇതുസംബന്ധിച്ച വിലയിരുത്തലുകൾക്കും നിയന്ത്രണത്തിനുമായി പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റിനു കീഴിൽ പ്രത്യേക ടീം രൂപവത്കരിച്ചു.
രോഗകാരികളായ ബാക്ടീരിയയും വൈറസും ഒരാളിൽനിന്ന് മറ്റുള്ളവരിലേക്ക് പകരുമ്പോഴാണ് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾക്കനുസൃതമായി ഇവയെ തടയാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായ മരുന്നുകളുടെ ലഭ്യത രാജ്യം ഉറപ്പുവരുത്തി. പരിശോധനകൾക്കാവശ്യമായ ലബോറട്ടറി സംവിധാനവും ശക്തമാണ്.
മാത്രമല്ല സ്ഥിരമായ ഇടവേളകളിൽ പരിശോധന നടത്താനും സംവിധാനമുണ്ടാക്കിയിട്ടുണ്ട്. ആഴ്ചതോറുമുള്ള പരിശോധനകൾക്കു പുറമെ മാസത്തിലും വർഷത്തിലും അവലോകനം നടത്തുന്നു. ശുദ്ധജലവും മലിനജലനിർഗമന സംവിധാനവും ഉറപ്പുവരുത്തിയതോടെ പകർച്ചവ്യാധി സാധ്യതകൾ കുറഞ്ഞു.
സ്വദേശികൾക്കും വിദേശികൾക്കും എല്ലാ പ്രായത്തിലുള്ളവർക്കും പകർച്ചവ്യാധി വരാം എന്നതിനാൽ ജാഗ്രത തുടരാൻ ആരോഗ്യവിഭാഗത്തിന് നിർദേശം നൽകി. വൈറസുകളൂടെ പുതിയ വകഭേദങ്ങളെയടക്കം നേരിടാൻ ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളനുസരിച്ച് പദ്ധതി തയാറാക്കി. പൊതുജനങ്ങളെ ബോധവത്കരിക്കാനായി ലഘുലേഖകളടക്കം ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.