മനാമ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബൂദബിയിലെ ഹമദ് രാജാവിെൻറ താമസസ്ഥലത്തെത്തി സന്ദർശിച്ചു. യു.എ.ഇയിലേക്ക് ഹമദ് രാജാവിനെ സ്വാഗതംചെയ്ത ശൈഖ് മുഹമ്മദ് ബഹ്റൈനും യു.എ.ഇയും തമ്മിൽ നിലനിൽക്കുന്ന പ്രത്യേക ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഉയർന്ന തലത്തിലാണെന്ന് വിലയിരുത്തി.
മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും വിഷയങ്ങളിൽ സമാന നിലപാടുകൾ കൊണ്ട് ശ്രദ്ധേയമാണ് ബഹ്റൈനും യു.എ.ഇയും. ദുബൈയുടെ വളർച്ചയിലും പുരോഗതിയിലും ശൈഖ് മുഹമ്മദ് വഹിച്ച പങ്കിനെ ഹമദ് രാജാവ് പ്രത്യേകം എടുത്തുപറഞ്ഞു. വിവിധ മേഖലകളിൽ യു.എ.ഇ സ്വന്തമാക്കിയ നേട്ടങ്ങൾ അസൂയപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈൻ ജനതയുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കാനും രാജ്യത്തിെൻറ യശസ്സ് ഉയർത്തുന്നതിനും ഹമദ് രാജാവ് നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. കൂടിക്കാഴ്ചയിൽ യുവജന, കായിക കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിെൻറ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, സ്പോർട്സ് അതോറിറ്റി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.