ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
?ഫാമിലി വിസയിലായിരുന്ന ഞാൻ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടു മാസം ആകുന്നു. കമ്പനി എനിക്ക് വർക്ക് പെർമിറ്റാണ് തന്നിട്ടുള്ളത്. വർക്ക് വിസയും വർക്ക് പെർമിറ്റും തമ്മിൽ വ്യത്യാസം എന്താണ്? ജോലി നിർത്തേണ്ട സാഹചര്യം വരുമ്പോൾ വീണ്ടും ഫാമിലി വിസ എടുക്കേണ്ടി വരുമോ? അതോ വർക്ക് പെർമിറ്റ് കാൻസലാവുമ്പോൾ മുമ്പ് ഉണ്ടായിരുന്ന ഫാമിലി വിസയിലേക്ക് പേമെന്റ് ചെയ്യാതെ മാറുമോ?
ഷമീന
• വർക്ക് പെർമിറ്റും വർക്ക് വിസയും തമ്മിൽ വ്യത്യാസമൊന്നുമില്ല. ഒരു വ്യത്യാസമുള്ളത് ഫാമിലി വിസയിൽ നിന്നുകൊണ്ടുതന്നെ ജോലി ചെയ്യാനുള്ള വർക്ക് പെർമിറ്റ് എൽ.എം.ആർ.എ നൽകാറുണ്ട് എന്നതാണ്. അപ്പോൾ താമസവിസ ഭർത്താവിന്റെ സ്പോൺസർഷിപ്പിലായിരിക്കും. തൊഴിൽ ചെയ്യാനുള്ള പെർമിറ്റ് മാത്രം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരിലായിരിക്കും. ഇതുപോലെയുള്ള വർക്ക് പെർമിറ്റ് സാധാരണ നൽകുന്നത് പ്രഫഷനൽസിനാണ്, ഡോക്ടർ, ടീച്ചർ, ലോയർ എന്നിങ്ങനെയുള്ള ജോലികൾക്ക്. ഈ വർക്ക് പെർമിറ്റാണെങ്കിൽ, ജോലി കഴിഞ്ഞാലും ഫാമിലി വിസ തുടരും. ഫാമിലി വിസയിലുള്ളയാൾക്ക്, തൊഴിൽ പെർമിറ്റും താമസവിസയും തൊഴിലുടമയുടെ പേരിലേക്ക് മാറ്റാൻ സാധിക്കും. ഇങ്ങനെയുള്ളവർക്കും ജോലി കഴിയുമ്പോൾ ഫാമിലി വിസയിലേക്ക് മാറാം. പക്ഷെ ഹസ്ബന്റിന്റെ കമ്പനി അതിനുള്ള അപേക്ഷ നൽകി എൽ.എം.ആർ.എയിൽനിന്നും ഡിപ്പൻഡന്റിന്റെ താമസവിസ എടുക്കണമെന്നു മാത്രം. ഓട്ടോമാറ്റിക്കായി താമസവിസ ഭർത്താവിന്റെ സ്പോൺസർഷിപ്പിലേക്ക് മാറുകയില്ല.
1. കൃത്യസമയത്ത് തൊഴിൽവിസ പുതുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇത് തൊഴിലുടമയുടെ കടമയാണെങ്കിലും തൊഴിലാളിയും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണം. ഇത് സമയത്ത് ചെയ്യാതിരുന്നാൽ പ്രയാസം അനുഭവിക്കുക തൊഴിലാളിയാണ്.
2. തൊഴിലാളിക്ക് തൊഴിലുടമ കൊടുക്കേണ്ട ഗവ. ഫീസ്, സോഷ്യൽ ഇൻഷുറൻസ് എന്നിവ കൊടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
3. തൊഴിൽ കരാറിൽ പറഞ്ഞിരിക്കുന്ന ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുക.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.