മനാമ: ഭവനവായ്പയുടെ പ്രതിമാസ തിരിച്ചടവ് ആറു മാസത്തേക്കു നീട്ടിവെക്കാനുള്ള പാർലമെൻറിെൻറ നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഏപ്രിൽ മുതൽ ആറു മാസത്തേക്കാണ് തിരിച്ചടവ് മരവിപ്പിക്കുക. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ കോൺഫറൻസിങ്ങിലൂടെ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് ഇൗ തീരുമാനം. തിരിച്ചടവ് നീട്ടിവെക്കാൻ സർക്കാർ നേരേത്ത ഉത്തരവിറക്കിയിരുന്നു. ഇതിനാണ് ഇപ്പോൾ ഒൗദ്യോഗികമായി അംഗീകാരമായിരിക്കുന്നത്. വാഹനാപകടങ്ങൾ സംഭവിക്കുേമ്പാൾ ഇൻഷുറൻസ് എടുത്തയാൾ അല്ല അപകടത്തിനിടയാക്കുന്നതെങ്കിലും അയാൾക്കുമേൽ അധിക സാമ്പത്തികബാധ്യത വരുത്തുന്ന നടപടികൾ തടയണമെന്ന പാർലമെൻറ് നിർദേശവും മന്ത്രിസഭ അംഗീകരിച്ചു. അപകടത്തിന് ഇടയാക്കിയ ആൾ അല്ലെങ്കിലും ഇൻഷുറൻസ് കമ്പനികൾ അറ്റകുറ്റപ്പണികൾക്കും മറ്റും നിശ്ചിത തുക ഇൗടാക്കുന്നതായി നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പാർലമെൻറ് ഇൗ നിർദേശം മുന്നോട്ടുവെച്ചത്.
മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്ന ജനകീയ പ്രശ്നങ്ങളിൽ ഉടനടി പരിഹാരം കാണാൻ പ്രധാനമന്ത്രി മന്ത്രിമാർക്കും സർക്കാർ വകുപ്പുകൾക്കും നിർദേശം നൽകി. ജനങ്ങളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മന്ത്രിമാരും ഉദ്യോഗസ്ഥരും പിന്തുടരണം. ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിന് ബഹ്റൈനിലെ മാധ്യമങ്ങൾ വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ചെറു നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജനങ്ങളുടെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാൻ അദ്ദേഹം സേവന വിഭാഗം മന്ത്രിമാർക്ക് നിർദേശം നൽകി. നേരിട്ടുചെന്ന് ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും അറിയണം. പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രി, ഭവനനിർമാണ മന്ത്രി, വൈദ്യുതി, കുടിവെള്ള വിതരണ മന്ത്രി എന്നിവർ ഗലാലി, സമാഹീജ് എന്നിവിടങ്ങളിൽ നടത്തിയ സന്ദർശനത്തിെൻറ റിപ്പോർട്ട് യോഗം വിലയിരുത്തി. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ പരിഹരിക്കാനും ആവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.