മനാമ: ഒരു ദുഃസ്വപ്നംപോലെ കടന്നുപോയ പത്ത് മാസം. യമനിൽ ഹൂതി വിമതരുടെ പിടിയിലകപ്പെട്ട് ദുരിതജീവിതം നയിക്കേണ്ടിവന്ന വടകര കുരിയാടി ദേവപത്മത്തിൽ ടി.കെ. പ്രവീണും തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്തഫയും നെടുവീർപ്പോടെയാണ് ആ നാളുകൾ ഒാർക്കുന്നത്.
കാലാവസ്ഥ മോശമായതിനെത്തുടർന്ന് വഴിതെറ്റിയ കപ്പൽ ഇവരെ എത്തിച്ചത് ആശങ്കയുടെ തീരത്താണ്. കടൽക്ഷോഭത്തിൽനിന്ന് രക്ഷപ്പെടാൻ യാത്രാമധ്യേയുള്ള ദ്വീപിൽ നങ്കൂരമിട്ട കപ്പലിനെ എ.കെ 47 ഉൾപ്പെടെ ആയുധങ്ങളുമായി വളഞ്ഞ ഹൂതികൾക്കു മുന്നിൽ കീഴടങ്ങുകയല്ലാതെ വഴിയില്ലായിരുന്നു. അവിടെനിന്ന് സലിഫ് പോർട്ടിൽ എത്തിച്ചു.
മൂന്നു ദിവസം കഴിഞ്ഞപ്പോൾ അടുത്ത ദിവസം മടങ്ങിപ്പോകാമെന്ന് അറിയിച്ചു. ഇതനുസരിച്ച് കമ്പനിയിൽ വിവരം അറിയിച്ചു. സൗദിയിലേക്കുള്ള യാത്രക്ക് ഒരുക്കവും നടത്തി. എന്നാൽ, അന്ന് വൈകീട്ട് മീറ്റിങ് ഉണ്ടെന്നു പറഞ്ഞ് വിമതർ ഇവരുമായി യാത്ര തുടർന്നു. ഏഴു മണിക്കൂർ സഞ്ചരിച്ച് നോർത്ത് സൻആയിലെ ഹോട്ടലിൽ കൊണ്ടുചെന്ന് പൂട്ടിയിടുകയായിരുന്നു.
പാസ്പോട്ടും ഫോണും അവർ പിടിച്ചുവെച്ചു. ആദ്യം പെരുമാറ്റം വളരെ മോശമായിരുന്നു. കൈവശമുണ്ടായിരുന്ന പണവും വസ്ത്രങ്ങളും അവർ കൊണ്ടുപോയി. കഴിക്കാൻ തോന്നാത്ത ഭക്ഷണമാണ് കിട്ടിയിരുന്നത്.
ഒരു പാൻറും ബനിയനും മാത്രമാണ് ധരിക്കാൻ നൽകിയതെന്ന് പ്രവീൺ പറഞ്ഞു. അഞ്ചു മാസം കഴിഞ്ഞാണ് ഫോൺ തിരിച്ചുതന്നത്. അതിനുമുമ്പ് അര മണിക്കൂർ ഫോൺ ഉപയോഗിക്കാൻ തരും. ആ സമയം വേണമായിരുന്നു എല്ലാവരും വീടുകളിലേക്ക് വിളിക്കാൻ. ഇപ്പോൾ നാലു മാസമായി വലിയ പ്രശ്നങ്ങളില്ല. ഭക്ഷണം തരുന്നുണ്ട്. സ്റ്റൗവും അരിയുൾപ്പെടെ ഭക്ഷണസാധനങ്ങളും വാങ്ങിത്തന്നു.
ഹോട്ടലിൽതന്നെ ഭക്ഷണമുണ്ടാക്കി കഴിക്കുകയാണ് ചെയ്തിരുന്നത്. പിടിച്ചെടുത്ത പണം തിരികെ തന്നുവെന്ന് എഴുതി ഒപ്പിട്ടുകൊടുക്കാൻ ഇടക്ക് ആവശ്യപ്പെട്ടു. ഉടൻ വിട്ടയക്കുമെന്ന് പറഞ്ഞതിനാൽ ഒപ്പിട്ടുകൊടുത്തു. പക്ഷേ, പണം മുഴുവൻ തിരിച്ചുതന്നില്ല.
70 ഒമാൻ റിയാൽ കിട്ടാനുള്ളയാൾക്ക് 10 റിയാൽ മാത്രമാണ് തിരികെ കിട്ടിയത്.കഴിഞ്ഞ വലിയ പെരുന്നാൾ സമയത്ത് എല്ലാവർക്കും ജീൻസും ഷർട്ടും തന്നു. ചിലർക്ക് കോട്ടും നൽകി. ഇത്രനാളും ഭാര്യയും വീട്ടുകാരും കടുത്ത ആശങ്കയിലായിരുന്നു. മന്ത്രിമാർക്കും മറ്റുമായി നിരവധി പരാതികൾ കൊടുത്തു. പരാതി കൊടുക്കാൻ ബാക്കിയില്ല. എല്ലാവരും നോക്കാമെന്ന് പറഞ്ഞതല്ലാതെ ആരും ഒന്നും ചെയ്തില്ല. തമിഴ്നാട്ടിൽനിന്നും പുതുച്ചേരിയിൽനിന്നുമുള്ളവരുടെ വിവരങ്ങൾ തിരക്കി അവരുടെ മന്ത്രിമാർ വിളിച്ചിരുന്നു. എന്നാൽ, ഞങ്ങളെ ആരും വിളിച്ചില്ല.
സാമൂഹിക പ്രവർത്തകൻ സുധീർ തിരുനിലത്തിെൻറ ഇടപെടൽ ഏറെ ആശ്വാസമായെന്നും ടി.കെ. പ്രവീൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.