ഞാൻ ഹോം കെയർ ടേക്കറായി മൂന്നുവർഷമായി ജോലി ചെയ്യുന്നു. കഴിഞ്ഞ ജനുവരിയിൽ നാട്ടിൽപോയി തിരികെ വന്നു.ലീവ് സാലറി ചോദിച്ചപ്പോൾ അങ്ങനെയൊന്ന് നിലവിലില്ലെന്നാണ് പറഞ്ഞത്. ഞാൻ ഹൗസ് മെയ്ഡ് വിസയിലാണ് നിൽക്കുന്നത്. ലീവ് സാലറി ഇല്ല എന്നുപറഞ്ഞത് കൊണ്ടുതന്നെ, വിസ കാലാവധി കഴിയുമ്പോൾ തിരികെ പോകണം എന്ന് വിചാരിക്കുന്നു. അപ്പോൾ നാലു വർഷം തികയും. എനിക്ക് ലീവ് സാലറി കിട്ടാൻ എന്താണ് ചെയ്യേണ്ടത്. എന്റെ കൈയിൽ എഗ്രിമെന്റ് ഒന്നുമില്ല. - റോസ
വീടുകളിൽ ജോലി ചെയ്യുന്നവർക്കും ഒരുവർഷം ജോലി ചെയ്താൽ 30 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി ലഭിക്കാൻ അർഹതയുണ്ട്. അവധി നൽകിയില്ലെങ്കിലോ അവധി എടുത്തില്ലെങ്കിലോ രണ്ടു വർഷം കഴിയുമ്പോൾ അവധിയുടെ ശമ്പളം ലഭിക്കാൻ അർഹതയുണ്ട്. ഒരുവർഷം തികഞ്ഞില്ലെങ്കിൽ എത്രനാൾ ജോലി ചെയ്തുവോ, അതിന് മാസത്തിൽ രണ്ടര ദിവസത്തെ അവധി എന്നരീതിയിൽ കണക്കാക്കി അവധി ലഭിക്കണം. അതുപോലെ അർഹമായ അവധികളെല്ലാം എടുക്കുന്നതിനുമുമ്പേ ജോലി നിർത്തുകയാണെങ്കിൽ ബാക്കിയുള്ള അവധിയുടെ ശമ്പളം നൽകണം.
അവധിയോ അവധിയുടെ ശമ്പളമോ ലഭിക്കുന്നില്ലെങ്കിൽ എൽ.എം. ആർ.എയിൽ പരാതി നൽകാൻ സാധിക്കും. അതിന് ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം. അല്ലെങ്കിൽ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയാൽ എംബസിയുടെ അഭിഭാഷകൻ വഴി സഹായം ലഭിക്കും. തൊഴിൽ കരാർ ഇല്ലെങ്കിൽ മറ്റേതെങ്കിലും രേഖകൾ നൽകിയാൽ മതി. ഉദാഹരണത്തിന് ശമ്പളം നൽകിയതിന്റെ രേഖ, താമസ വിസയുടെ കോപ്പി എന്നിങ്ങനെ ജോലി ചെയ്തു എന്ന് തെളിയിക്കുന്ന ഏതെങ്കിലും രേഖ. പരാതി നൽകണമെങ്കിൽ പാസ്പോർട്ടിന്റെയും താമസവിസയുടെയും സി.പി.ആറിന്റെയും കോപ്പികൾ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.