മനാമ: അനധികൃത മത്സ്യബന്ധനം രാജ്യത്തെ സമുദ്ര ആവാസവ്യവസ്ഥ തകർക്കുകയും കടൽ ജീവികളെ നശിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താനും സമുദ്രവിഭവങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ട് നാഷനൽ യൂനിറ്റി അസംബ്ലിയുടെ നേതൃത്വത്തിൽ ബുസൈതിനിലെ പൊളിറ്റിക്കൽ സൊസൈറ്റി ആസ്ഥാനത്ത് നടത്തിയ സിംബോസിയത്തിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. 4000ത്തിലധികം ആളുകൾ അനുമതിയില്ലാതെ സ്ഥിരമായി മത്സ്യബന്ധനം നടത്തുന്നതായാണ് വിലയിരുത്തൽ. 1,400 മത്സ്യത്തൊഴിലാളികൾക്കാണ് ലൈസൻസുള്ളത്. ട്രോളിങ് പോലുള്ള നിരോധിത മത്സ്യബന്ധന രീതികൾ ഉപയോഗിക്കുന്നതും ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നുണ്ട്.
‘ബഹ്റൈനിലെ സമുദ്ര സമ്പത്തും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും’ തലക്കെട്ടിൽ നടത്തിയ സിംബോസിയത്തിൽ മത്സ്യത്തൊഴിലാളി അസോസിയേഷൻ അംഗങ്ങളും മറൈൻ ബയോളജിസ്റ്റുകളും പങ്കെടുത്തു. നിലവിലെ നിയമങ്ങൾ അനധികൃത മത്സ്യബന്ധനം തടയാൻ പര്യാപ്തമല്ലെന്നും കൂടുതൽ കർശനമായ നിയമം നിർമിക്കണമെന്നും ഖലാലി ഫിഷർമെൻ അസോസിയേഷൻ തലവൻ മുഹമ്മദ് അൽ ദഖീൽ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് ലൈസൻസുള്ള ഉപകരണങ്ങൾ ഉണ്ടായിരിക്കണം, മത്സ്യബന്ധന തുറമുഖങ്ങളിൽനിന്ന് കപ്പലിൽ പോകുന്നതിനുമുമ്പ് രജിസ്റ്റർ ചെയ്യണം തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. ‘സമുദ്ര സമ്പത്ത് ഭക്ഷ്യ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു, ബഹ്റൈനിലെ ഓരോ പൗരനും കടലുമായി ബന്ധമുണ്ട്. ആവാസവ്യവസ്ഥ രൂപപ്പെടാൻ ഏകദേശം 10,000 വർഷമെടുക്കുമെങ്കിലും നശിപ്പിക്കപ്പെടാൻ അധികകാലം വേണ്ടിവരില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി’ -പാർലമെന്റിന്റെ ഭക്ഷ്യസുരക്ഷാ സമിതി അംഗമായ മുഹമ്മദ് അൽ രിഫായി എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.