മനാമ: ഗാർഹികപീഡനം സംബന്ധിച്ച് അറിഞ്ഞിട്ടും അധികൃതർക്ക് റിപ്പോർട്ട് ചെയ്യാത്തവർക്ക് കടുത്ത ശിക്ഷ നൽകുന്ന രീതിയിൽ ബഹ്റൈനിൽ നിയമഭേദഗതി വരുന്നു. ആരോഗ്യപ്രവർത്തകർ, അധ്യാപകർ, കെയർടേക്കർമാർ എന്നിവർക്കാണ് ശിക്ഷ നൽകുന്നത്.
ഇക്കാര്യങ്ങൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് 2015 ലെ പ്രൊട്ടക്ഷൻ ഫ്രം ഡൊമസ്റ്റിക് വയലൻസ് നിയമം ഭേദഗതി ചെയ്യാനുള്ള ശിപാർശ പാർലമെന്റ് സർവിസ് കമ്മിറ്റി അംഗീകരിച്ചു. ഗാർഹികപീഡനം ഇല്ലാതാക്കാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ ഭേദഗതി.
ഇതനുസരിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ കുറ്റകൃത്യം സംബന്ധിച്ച് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ 100 ദീനാറിൽ കുറയാത്തതും, എന്നാൽ 500 ദീനാറിൽ കൂടാത്തതുമായ പിഴ ഒടുക്കേണ്ടിവരും. ഇതിനുപുറമെ സമാന കുറ്റങ്ങൾക്ക് പീനൽകോഡ് നിർദേശിക്കുന്ന ജയിൽശിക്ഷയും അനുഭവിക്കണം.
പീഡനം മരണത്തിനോ സ്ഥിരമായ അംഗവൈകല്യത്തിനോ കാരണമായാൽ ശിക്ഷയും വർധിക്കും. പുതിയ നിയമം നടപ്പാക്കുകയാണെങ്കിൽ കുറ്റകൃത്യങ്ങൾ കുറയുമെന്ന് പാർലമെന്റംഗങ്ങൾ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
കുറഞ്ഞത് പത്തുദിവസവും കൂടിയത് മൂന്നുവർഷവുമായിരിക്കും തടവുശിക്ഷയെന്നും ശിപാർശയിൽ പറയുന്നു. കുറ്റകൃത്യത്തെപ്പറ്റി വിവരമോ സൂചനയോ ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ പൊലീസിനെ അറിയിച്ചിരിക്കണം. വൈകിയാൽ കുറ്റകൃത്യത്തിന്റെ തെളിവുകൾ ഇല്ലാതാവാമെന്നതിനാലാണ് സമയപരിധി നിർദേശിക്കുന്നത്.
ലൈംഗികവും ശാരീരികവുമായ പീഡനങ്ങളുടെ തെളിവ് ഇല്ലാതാകുന്നതിനു മുമ്പ് നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും എം.പിമാർ ചൂണ്ടിക്കാട്ടി.
നിയമഭേദഗതി നിയമത്തിലെ പഴുതുകൾ ഇല്ലാതാക്കുന്നതും ഗാർഹിക പീഡനം തടയാൻ സഹായിക്കുന്നതുമാണെന്ന് സുപ്രീം കൗൺസിൽ ഫോർ വുമൺ ചൂണ്ടിക്കാട്ടി. എന്നാൽ, നിയമം സമഗ്രമായി പരിഷ്കരിക്കേണ്ടതുണ്ടെന്ന് ബഹ്റൈൻ വിമൻസ് യൂനിയൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.