മനാമ: വർഗീയതയും ജനവിരുദ്ധ നയങ്ങളും മുഖമുദ്രയാക്കിയ മോദി സർക്കാറിന്റെ ഭരണത്തിൽനിന്ന് വിടുതൽ ആഗ്രഹിക്കുന്ന ഇന്ത്യൻ ജനതയുടെ വികാരങ്ങൾ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു. കെ.എം.സി.സി കണ്ണൂർ ജില്ല പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യാനായി ബഹ്റൈനിലെത്തിയ അദ്ദേഹം ഗൾഫ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു. പത്തു വർഷക്കാലമായി ഇലക്ടറൽ ഓട്ടോക്രസിയാണ് രാജ്യത്ത് നടമാടുന്നത്.
ഇതിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമെന്നോണമാണ് ഇൻഡ്യ മുന്നണി രൂപവത്കരിക്കപ്പെടുന്നത്. എല്ലാ പ്രതിപക്ഷ കക്ഷികൾക്കും തുല്യ പങ്കാളിത്തമുള്ള ഇൻഡ്യ മുന്നണി ബി.ജെ.പിയെ വിറളി പിടിപ്പിച്ചു. മുന്നണിയുടെ പേരിനെ പോലും ഭയപ്പെടുന്ന ബി.ജെ.പിയെയാണ് പിന്നീട് കണ്ടത്. ഏതു അനധികൃത മാർഗത്തിലൂടെയും മുന്നണിയെ തകർക്കാൻ കച്ചകെട്ടിയ ബി.ജെ.പി, ഇ.ഡിയടക്കം സർക്കാർ ഏജൻസികളെ ഉപയോഗിക്കുകയാണ്. ഇൻഡ്യ മുന്നണി രൂപവത്കരണത്തിൽ പ്രധാന പങ്കുവഹിച്ച നിതീഷിനെ ഇ.ഡിയെ കാണിച്ച് ഭയപ്പെടുത്തിയാണ് അടർത്തിയെടുത്തത്.
കെജ്രിവാളിനെതിരായ നീക്കം പക്ഷേ പ്രതിപക്ഷമുന്നണിയുടെ ഐക്യത്തെ ശക്തിപ്പെടുത്തുകയാണുണ്ടായത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റായ സുരേന്ദ്രന്റെ പ്രചാരണം പോലും സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുക എന്ന ഒറ്റ അജണ്ടയിലൂന്നിയാണ്. പത്തുവർഷം ഭരിച്ച കേന്ദ്ര സർക്കാറിന് യാതൊരു വികസന നേട്ടവും പറയാനില്ല എന്നതാണ് യാഥാർഥ്യം.
ഉത്തരേന്ത്യയിലടക്കം പിന്നാക്ക ജനവിഭാഗങ്ങളുടെ അവസ്ഥ ദയനീയമാണ്. സച്ചാർ സമിതി റിപ്പോർട്ട് മുസ്ലിം ന്യൂനപക്ഷത്തിന്റെ അവസ്ഥയുടെ നേർചിത്രമായിരുന്നു. അതിൽനിന്ന് അൽപം പോലും മുന്നോട്ടുപോകാനും മാറ്റമുണ്ടാക്കാനും ബി.ജെ.പി ഭരണത്തിന് കഴിഞ്ഞിട്ടില്ല. ക്രിസ്ത്യൻ ന്യൂനപക്ഷമടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വർഗീയ പീഡനത്തിനിരയാകുകയാണ്.
ബി.ജെ.പിയുടെ വർഗീയതക്കെതിരെ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയാതീതമായ ഐക്യമാണ് കാലം ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച സംഭാഷണങ്ങൾ നടക്കുന്നുണ്ട്. യുത്ത് ലീഗ് അതിനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തും. മോദി സർക്കാർ ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങൾക്ക് മാത്രമല്ല, ഹിന്ദു സമൂഹത്തിനും എതിരാണെന്നതാണ് വസ്തുത. മോദിയുടെ കോർപറേറ്റ് പ്രീണനം മൂലം കഷ്ടതയനുഭവിക്കുന്നത് ഭൂരിപക്ഷ സമുദായത്തിലെ ദരിദ്ര ജനവിഭാഗങ്ങളാണ്. കാമ്പസുകളിലടക്കം ഇതിനെതിരായി ഉയരുന്ന ശബ്ദങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. എത്ര വർഗീയത ആളിക്കത്തിച്ചാലും ഇന്ത്യൻ ജനതയുടെ മനസ്സിനെ വർഗീയമാക്കാൻ കഴിയില്ലെന്ന് എല്ലാ സംസ്ഥാനങ്ങളിലും സഞ്ചരിച്ച തനിക്ക് അനുഭവങ്ങളിൽ നിന്ന് ബോധ്യമായെന്നും ഫൈസൽ ബാബു പറഞ്ഞു. ദൗർഭാഗ്യവശാൽ സി.പി.എമ്മിന് ഇന്ത്യൻ അവസ്ഥ ഇനിയും പിടികിട്ടിയിട്ടില്ല. ജനാധിപത്യ ഇന്ത്യയുടെ ഭാവി ശുഭകരമാകുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. ഫൈസൽ ബാബു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.