മനാമ: 25ാം വാർഷികമാഘോഷിക്കുന്ന ഗൾഫ് മാധ്യമത്തിന് ആശംസ നേർന്ന് ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്. മലയാളത്തിലും തുടർന്ന് അറബിയിലും അദ്ദേഹം സംസാരിച്ചു.
സ്വദേശികളും പ്രവാസികളുമടങ്ങുന്ന സദസ്സ് കൈയടികളോടെയാണ് ആശംസ ഏറ്റുവാങ്ങിയത്. ഗൾഫ് മാധ്യമം ഏഷ്യൻ സ്കൂളിൽ സംഘടിപ്പിച്ച ‘മധുമയമായ് പാടാം’ മെഗാ എന്റർടെയ്ൻമെന്റ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സുഹൃദ് രാജ്യമായ ബഹ്റൈന്റെ ക്ഷേമത്തിനും പുരോഗതിക്കുംവേണ്ടി പ്രവർത്തിക്കാൻ പ്രവാസി ഇന്ത്യക്കാർക്ക് ബാധ്യതയുണ്ടെന്നും ഈ ലക്ഷ്യം മുൻനിർത്തിയുള്ള ഗൾഫ് മാധ്യമത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. 25 വർഷം പൂർത്തിയാക്കുന്ന ഗൾഫ് മാധ്യമം പ്രവാസി ഇന്ത്യക്കാരുടെ ജീവിതത്തിലെ പ്രധാന ഭാഗമായി മാറിക്കഴിഞ്ഞു. ഇന്ത്യക്കാരുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾക്ക് മാധ്യമങ്ങൾ നൽകുന്ന സഹായം വലുതാണ്.
നിയമങ്ങൾ പാലിച്ചുകൊണ്ട് നല്ല അതിഥികളായിരിക്കാൻ പ്രവാസി ഇന്ത്യക്കാരെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഓപൺ ഹൗസുകളിലൂടെയും മറ്റും എംബസി നടത്തുന്ന ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് ഗൾഫ് മാധ്യമത്തിന്റെ സഹായം ഇനിയുമുണ്ടാകണം. ഗൾഫ്മാധ്യമത്തിന് ഇനിയുമിനിയും ഉയർച്ചയുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.