മനാമ: ഇന്ത്യയെ മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയുൾപ്പെടെ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട ഇന്റർനാഷനൽ മാരിടൈം ആൻഡ് എനർജി കോറിഡോർ വാണിജ്യ, വ്യാപാരബന്ധങ്ങൾ മെച്ചപ്പെടുത്തുന്ന സുപ്രധാന സംരംഭമായിരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ. ഭൂഖണ്ഡാന്തര ഊർജ, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇതിടയാക്കുമെന്നും അദ്ദേഹം മനാമ ഡയലോഗിന്റെ പ്ലീനറി സെഷനിൽ സംസാരിക്കവെ പറഞ്ഞു. ആഗോള കണക്ടിവിറ്റിയുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയ അദ്ദേഹം ആഗോള സമ്പദ്വ്യവസ്ഥയെ നിലനിർത്തുന്നതിനുള്ള ശക്തമായ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ടാകേണ്ടതുണ്ടെന്ന് പറഞ്ഞു.
‘പ്രാദേശിക തന്ത്രപരമായ സഹകരണം’ എന്ന തലക്കെട്ടിൽ നടന്ന സെഷനിൽ മിഡിൽ ഈസ്റ്റുമായുള്ള ഇന്ത്യയുടെ ബന്ധത്തെപ്പറ്റി വിദേശകാര്യ മന്ത്രി അടിവരയിട്ട് പറഞ്ഞു. ഊർജ സുരക്ഷ, വ്യാപാരം, സാമ്പത്തിക ബന്ധം എന്നീ കാര്യങ്ങളിൽ ഇന്ത്യക്ക് മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായി സുപ്രധാന ബന്ധമുണ്ട്. മേഖലയുടെ വളർന്നുവരുന്ന തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ആഴത്തിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ഇന്ത്യയുടെ പ്രധാന ഊർജ പങ്കാളി മാത്രമല്ല, സുപ്രധാന വ്യാപാര പങ്കാളി കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള പരസ്പരാശ്രിതത്വത്തെ അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.
ശനിയാഴ്ച ബഹ്റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.