മനാമ: ബഹ്റൈനിൽ നടക്കുന്ന ഇന്റർ നാഷനൽ സ്കൂൾ ഗെയിംസിന്റെ മൂന്നാംദിനം പിന്നിടുമ്പോൾ മെഡൽ പട്ടികയിൽ ബ്രസീൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 26 സ്വർണമടക്കം 64 മെഡലുകൾ ബ്രസീൽ നേടി. രണ്ടാം സ്ഥാനത്തുള്ള റുമേനിയക്ക് 21 സ്വർണമടക്കം 79 മെഡലുകളുണ്ട്.
ചൈന12 സ്വർണം ഉൾപ്പെടെ 29 മെഡലുകളുമായി മൂന്നാം സ്ഥാനത്താണ്. 12 സ്വർണമടക്കം 31 മെഡലുകളുമായി ഹംഗറി നാലാം സ്ഥാനത്തും 11സ്വർണമടക്കം 36 മെഡലുകളോടെ അമേരിക്ക അഞ്ചാം സ്ഥാനത്തുമാണ്. ആതിഥേയരായ ബഹ്റൈൻ പത്താം സ്ഥാനത്താണ്.
ബഹ്റൈൻ മൊത്തം 21 മെഡലുകൾ നേടി. അഞ്ച് സ്വർണവും അഞ്ച് വെള്ളിയും 11 വെങ്കലവുമടക്കമാണിത്. അറബ് രാജ്യങ്ങളിൽ ബഹ്റൈൻ മൂന്നാമതാണ്. അൽജീരിയയും മൊറോക്കോയുമാണ് മുന്നിലുള്ളത്. ഇന്ത്യ 30ാം സ്ഥാനത്താണ്. ഗെയിംസ് ഒക്ടോബർ 31ന് അവസാനിക്കും.
ഇന്റർ നാഷനൽ സ്കൂൾ സ്പോർട്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കായികമേളയിൽ 71രാജ്യങ്ങളിൽനിന്ന് 5,515 വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. ഖലീഫ സ്പോർട്സ് സിറ്റി, ഈസ സ്പോർട്സ് സിറ്റി, ബഹ്റൈൻ നാഷനൽ സ്റ്റേഡിയം തുടങ്ങിയ വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.
ലോകോത്തര സ്പോർട്സ് ഇൻഫ്രാസ്ട്രക്ചറാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ആഗോള വിദ്യാഭ്യാസ കായികമേള നടക്കുന്നത്. അമ്പെയ്ത്ത്, അത്ലറ്റിക്സ്, ബാഡ്മിന്റൺ, 3x3 ബാസ്ക്കറ്റ്ബാൾ, ബീച്ച് വോളിബാൾ, ബോക്സിങ്, ചെസ്, ഡാൻസ് സ്പോർട്സ്, ഫെൻസിങ്, എയ്റോബിക് ജിംനാസ്റ്റിക്സ്.
ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, റിഥമിക് ഹാൻഡ്ബാൾ, ജുയന്റോസ്, ജുയന്റ്ബാൾ, പാഡൽ, പാരാ അത്ലറ്റിക്സ്, പാരാ ബാഡ്മിന്റൺ, പാരാ ജൂഡോ, പാരാ നീന്തൽ, നീന്തൽ, ടേബ്ൾ ടെന്നിസ്, തൈക്വാൻഡോ, ടെന്നിസ്, ഗുസ്തി എന്നിങ്ങനെ 26 കായിക ഇനങ്ങളിലാണ് മത്സരങ്ങൾ. 1974ൽ പശ്ചിമ ജർമനിയിൽ ആരംഭിച്ച ജിംനേഷ്യാഡ് ഇന്ന് ലോകത്തെ ഏറ്റവും വലിയ സ്കൂൾ കായികമേളയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.