മനാമ: ബഹ്റൈനിൽ നടക്കുന്ന 2024ലെ ഇന്റർനാഷനൽ സ്കൂൾ ഗെയിംസ് ജിംനേഷ്യാഡിനുള്ള ഒരുക്കം പൂർത്തിയായി. ഒക്ടോബർ 23 മുതൽ 31 വരെയാണ് ഗെയിംസ്. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ആഗോള വിദ്യാഭ്യാസ കായികമേള നടക്കുന്നത്. ഒക്ടോബർ 24ന് വൈകീട്ട് ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ചടങ്ങിൽ വിശിഷ്ടാതിഥികൾ പങ്കെടുക്കും. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നായി നിരവധി രാജ്യങ്ങൾ മീറ്റിൽ പങ്കെടുക്കും.
26 കായിക ഇനങ്ങളിലായി 70 രാജ്യങ്ങളിൽനിന്നുള്ള 5,651 പേർ പങ്കെടുക്കും. ആർച്ചറി, ബാഡ്മിന്റൺ, ബാസ്കറ്റ് ബാൾ, ഗുസ്തി എന്നിവയടക്കം മത്സരങ്ങളുണ്ടാകും. രാജ്യം വീണ്ടുമൊരു അന്താരാഷ്ട്ര കായിക മാമാങ്കത്തിനുകൂടി ആതിഥേയത്വം വഹിക്കുമ്പോൾ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം.
ബഹ്റൈനിലെ അത്യാധുനിക കായിക സൗകര്യങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ഇന്റർനാഷനൽ സ്കൂൾ സ്പോർട്സ് ഫെഡറേഷൻ പ്രതിനിധി സംഘം പ്രശംസിച്ചു. ഈസ ബിൻ റാഷിദ് സ്പോർട്സ് ഹാൾ, ഖലീഫ സ്പോർട്സ് സിറ്റി തുടങ്ങി വിവിധ വേദികളിലായാണ് പരിപാടികൾ നടക്കുക.
ശിൽപശാലകളും ചാരിറ്റി ഇവന്റും ഉൾപ്പെടെയുള്ള സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പരിപാടികൾ ഗെയിമുകൾക്കൊപ്പമുണ്ടാകും. സംഘാടക സമിതി എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമ ഇന്റർനാഷനൽ സ്കൂൾ ഗെയിംസ് ഒരുക്കം
സംബന്ധിച്ച് വിശദീകരിക്കുന്നു
മനാമ: ഇന്റർനാഷനൽ സ്കൂൾ ഗെയിംസ് (ഐ.എസ്.എഫ്) ജിംനേഷ്യാഡ് ഉദ്ഘാടനച്ചടങ്ങ് നടക്കുന്ന വ്യാഴാഴ്ച സ്കൂളുകൾക്ക് സമയമാറ്റം. പ്രൈമറി തലത്തിലെ ക്ലാസുകൾ 11.45നും ഇന്റർമീഡിയറ്റ് 12.15നും സെക്കൻഡറി തലം 12.45നും അവസാനിക്കും. സർക്കാർ സ്കൂളുകൾക്ക് ഈ സമയമാറ്റം ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
നിർബന്ധിതമല്ലെങ്കിലും ഉച്ചക്ക് ഒരു മണിക്ക് ക്ലാസുകൾ അവസാനിപ്പിക്കാൻ സ്വകാര്യ സ്കൂളുകളോട് നിർദേശിച്ചിട്ടുണ്ട്. പരീക്ഷകളെയോ മറ്റ് മാറ്റിവെക്കാൻ പറ്റാത്ത പ്രവർത്തനങ്ങളെയോ ബാധിക്കാത്ത രീതിയിലായിരിക്കണം സമയമാറ്റം നടപ്പാക്കേണ്ടത്. ഉദ്ഘാടനദിവസം മാത്രമാണ് സമയമാറ്റം. ഒക്ടോബർ 31വരെ നടക്കുന്ന പരിപാടിയിലുടനീളം എല്ലാ പൊതു-സ്വകാര്യ സ്കൂളുകളിലും ക്ലാസുകൾ പതിവുപോലെ നടക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ചടങ്ങിൽ വിദ്യാർഥികൾക്ക് പങ്കെടുക്കാനാണ് പുതിയ സമയക്രമം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.