മനാമ: 2024 ലെ ഇന്റർനാഷനൽ സ്കൂൾ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ബഹ്റൈൻ ഒരുങ്ങുന്നു. ഒക്ടോബർ 23 മുതൽ 31 വരെയാണ് ഗെയിംസ്. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കുന്ന ഉദ്ഘാടന, സമാപന ചടങ്ങുകളിൽ വിശിഷ്ടാതിഥികൾ പങ്കെടുക്കും.
വിവിധ ഭൂഖണ്ഡങ്ങളിൽനിന്നായി നിരവധി രാജ്യങ്ങൾ മീറ്റിങ്ങിൽ പങ്കെടുക്കും. നാനൂറോളം താരങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. ആർച്ചറി, ബാഡ്മിന്റൺ, ബാസ്കറ്റ് ബാൾ, ഗുസ്തി എന്നിവയടക്കം മത്സരങ്ങളുണ്ടാകും.
രാജ്യം വീണ്ടുമൊരു അന്താരാഷ്ട്ര കായിക മാമാങ്കത്തിനുകൂടി ആതിഥേയത്വം വഹിക്കുമ്പോൾ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം. കഴിഞ്ഞദിവസം ഇതോടനുബന്ധിച്ച് പരിപാടിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ അലി ഈസ ഇഷാഖി, ഇന്റർനാഷനൽ സ്കൂൾ സ്പോർട്സ് ഫെഡറേഷൻ (ISSF) പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
യോഗത്തിൽ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ മാദൻ അൽവാനസ്, ഹൗസിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റെധാ അഷൗരി എന്നിവരുൾപ്പെടെയുള്ള മറ്റു പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു. ബഹ്റൈനിലെ അത്യാധുനിക കായിക സൗകര്യങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ഇന്റർനാഷനൽ സ്കൂൾ സ്പോർട്സ് ഫെഡറേഷൻ പ്രതിനിധിസംഘം പ്രശംസിച്ചു.
പങ്കെടുക്കുന്ന രാജ്യങ്ങളുമായി സാംസ്കാരികവും കായികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള അവസരമായി സ്കൂൾ ഗെയിംസിനെ ഉപയോഗപ്പെടുത്തുമെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ പറഞ്ഞു. ടീം രജിസ്ട്രേഷനുകൾ, മത്സര ഷെഡ്യൂളുകൾ, ലോജിസ്റ്റിക് ക്രമീകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പ്രതിനിധിസംഘവുമായി പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.