മനാമ: ട്രാവൽ ബുക്കിങ് നടത്തി ഫണ്ട് അപഹരിക്കുകയും ലൈസൻസില്ലാതെ ടൂറിസം ബിസിനസ് നടത്തുകയും ചെയ്ത ടൂർ ഓപറേറ്റർക്ക് ലോവർ ക്രിമിനൽ കോടതി മൂന്നുവർഷം തടവുശിക്ഷ വിധിച്ചു. ബുക്കിങ് നടത്തി കിട്ടിയ പണം തന്റെ കടങ്ങൾ വീട്ടാൻ പ്രതി ഉപയോഗിച്ചുവെന്നാണ് ആരോപണം.
ഇറാഖിലേക്ക് അനധികൃതമായി ടൂർ സംഘടിപ്പിച്ച്, 140 ബഹ്റൈൻ പൗരന്മാർ അവിടെ കുടുങ്ങാനിടയായ സംഭവത്തിൽ ടൂർ ആസൂത്രണം ചെയ്ത ഇതേ ടൂർ ഓപറേറ്റർക്ക് ക്രിമിനൽ കോടതി ഒരു വർഷം തടവും 10,000 ദീനാർ പിഴയും കഴിഞ്ഞമാസം വിധിച്ചിരുന്നു.
ഇറാഖിലേക്കുള്ള യാത്രകൾ ക്രമീകരിക്കുന്നതിന് ട്രാവൽ ഏജന്റുമായി കരാറിലേർപ്പെട്ടിരുന്ന നിരവധി പൗരന്മാർ നൽകിയ പരാതികളിൽനിന്നാണ് നിലവിലെ കേസ്. മൂന്ന് ഇറാഖി നഗരങ്ങളിലേക്കാണ് ഇയാൾ മുഖേന ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ, പണം വാങ്ങിയ ഇയാൾ ഫ്ലൈറ്റുകൾക്കും താമസത്തിനുമുള്ള പേമെന്റുകൾ ബന്ധപ്പെട്ട സേവന ദാതാക്കൾക്ക് അയച്ചില്ല. ഇതോടെ കുടുങ്ങിയ യാത്രക്കാരുടെ പാസ്പോർട്ട് ഹോട്ടലുകൾ കണ്ടുകെട്ടുകയും ഇവർ താൽക്കാലിക യാത്രാ നിയന്ത്രണങ്ങൾക്ക് വിധേയരാകുകയും ചെയ്തിരുന്നു. പരാതികളെത്തുടർന്ന്, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും പരാതിക്കാരിൽനിന്ന് മൊഴിയെടുക്കുകയും ചെയ്തു.
ആദ്യ കേസിൽ ദുരിതബാധിതരായ പൗരന്മാരുടെ പരാതിയെത്തുടർന്ന് ടൂർ ഓപറേറ്റർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയും (ബി.ടി.ഇ.എ) പ്രഖ്യാപിച്ചിരുന്നു. ബി.ടി.ഇ.എയുടെ ടൂറിസം മോണിറ്ററിങ് വിഭാഗം ഓപറേറ്ററുടെ ഓഫിസ് അടച്ചുപൂട്ടുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. ലൈസൻസുള്ള ട്രാവൽ ഏജൻസികൾ വഴി മാത്രം യാത്രാ ക്രമീകരണങ്ങൾ നടത്താൻ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.