മനാമ: അടുത്ത മാസം സ്കൂൾ തുറക്കാനിരിക്കെ റോഡ് സുരക്ഷ കാമ്പയിനുമായി വർക്സ് മന്ത്രാലയവും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും. മോട്ടോർ സൈക്കിൾ യാത്രക്കാർ, ഹെവി വെഹിക്ൾ ഡ്രൈവർമാർ, പബ്ലിക് ബസ് ഡ്രൈവർമാർ, ഡെലിവറി റൈഡർമാർ എന്നിവരെ ഉൾപ്പെടുത്തിയാണ് വിപുലമായ കാമ്പയിൻ സംഘടിപ്പിച്ചത്.
എല്ലാ കമ്യൂണിറ്റികളിലേക്കും എത്തിച്ചേരുകയെന്ന ലക്ഷ്യത്തോടെ എംബസികളുടെ പങ്കാളിത്തത്തോടെയാണ് ബോധവത്കരണ പരിപാടികൾ നടത്തുന്നത്. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് റോഡ് ഉപയോഗിക്കുന്നവരെ ബോധവത്കരിക്കുകയാണ് ലക്ഷ്യം.
എല്ലാവർക്കും സുരക്ഷിതമായ റോഡ് അന്തരീക്ഷം ഉറപ്പുവരുത്തുക, അപകട നിരക്ക് കുറക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുക എന്നിവയും കാമ്പയിനിലൂടെ ലക്ഷ്യമിടുന്നു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ പറഞ്ഞു.
ട്രാഫിക് ഓഫിസർമാർ, കമ്യൂണിറ്റി പൊലീസ്, സ്കൂൾ ഗാർഡുകൾ എന്നിവരുമായി സഹകരിക്കാൻ രക്ഷിതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. തിരക്കേറിയ സമയങ്ങളിലും പ്രത്യേകിച്ച് സ്കൂൾ തുറക്കുന്ന ആദ്യ ദിവസങ്ങളിലും തിരക്ക് കൂടുതലുണ്ടാകുന്ന സമയങ്ങളിലും ട്രാഫിക് നിയന്ത്രിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരുണ്ടാകും. അക്കാദമിക് കലണ്ടർ പ്രകാരം രണ്ടുമാസത്തെ അവധി കഴിഞ്ഞ് അധ്യാപകരും അഡ്മിനിസ്ട്രേറ്റർമാരും ഫാക്കൽറ്റികളും സെപ്റ്റംബർ ഒന്നിന് സ്കൂളിലെത്തും.
സെപ്റ്റംബർ നാലിനാണ് അധ്യയനം ആരംഭിക്കുക. സ്കൂൾ, കിൻഡർഗാർട്ടൻ, നഴ്സറി എന്നിവിടങ്ങളിലായി ഏകദേശം 2,66,000 വിദ്യാർഥികളാണ് 2023 -2024 അധ്യയന വർഷത്തിലുള്ളത്. 209 സർക്കാർ സ്കൂളുകളിലായി 1,55,000 വിദ്യാർഥികളുണ്ട്. 80 സ്വകാര്യ സ്കൂളുകളിൽ 90,000 കുട്ടികളും കിൻഡർഗാർട്ടനുകളിൽ 17,000 പേരും നഴ്സറികളിൽ 4,000 കുട്ടികളും ഈ വർഷമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.