മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക്ക് അസോസിയേഷൻ (കെ.സി.എ) 'കെ.സി.എ-ബിയോൺ മണി ഓണം പൊന്നോണം 2022' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. വിവിധ സാംസ്കാരിക പരിപാടികളും ഓണവുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉൾപ്പെടെ ആസ്വാദകർക്ക് ദൃശ്യവിരുന്നാകുന്ന ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ രണ്ടിന് ആരംഭിച്ച് 16ന് ഓണസദ്യയോടുകൂടി സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സെപ്റ്റംബർ രണ്ടിന് ഉദ്ഘാടന പരിപാടിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. മഹാബലി, കടുവ, വാമനൻ തുടങ്ങി ഓണവുമായി ബന്ധപ്പെട്ട വിവിധ കഥാപാത്രങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്രയിൽ കെ.സി.എ കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുക്കും. ചെണ്ടമേളം ഓണാഘോഷ പരിപാടികൾക്ക് മിഴിവേകും. അനാഥക്കുട്ടികളുടെ പിതാവ് എന്നറിയപ്പെടുന്ന ഖലീൽ അൽ ദൈലാമി (ബാബ ഖലീൽ) ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
പ്രശസ്ത ചിത്രകാരനും ദേശീയ-സംസ്ഥാന അവാർഡ് ജേതാവുമായ ഫ്രാൻസിസ് ആന്‍റണി കോടങ്കണ്ടത്ത് വിശിഷ്ടാതിഥിയായിരിക്കും. രാഹുൽ രാജുവും സംഘവും അവതരിപ്പിക്കുന്ന മിമിക്രിയും ഇൻസ്ട്രുമെന്‍റ് മ്യൂസിക് ഫ്യൂഷനും കാണികൾക്ക് ദൃശ്യ വിരുന്നാകും.
ആഘോഷത്തോടനുബന്ധിച്ച് ബഹ്റൈൻ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന പായസ മത്സരം സെപ്റ്റംബർ മൂന്നിന് കെ.സി.എ അങ്കണത്തിൽ നടക്കും. സെപ്റ്റംബർ ആറിന് പ്ലേയിങ് കാർഡ്സ് ടൂർണമെന്‍റും സെപ്റ്റംബർ ഒമ്പതിന് വടംവലി മത്സരവും സംഘടിപ്പിക്കും. മത്സരങ്ങളിൽ എല്ലാവർക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. സെപ്റ്റംബർ 13ന് കുടുംബം, സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ എന്നീ വിഭാഗങ്ങളിൽ പരമ്പരാഗത ഓണം വസ്ത്രധാരണ മത്സരമായ 'തനിമലയാളി' നടക്കും. ഇന്ത്യയിൽനിന്നും ബഹ്റൈനിൽ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ സെപ്റ്റംബർ 15ന് കെ.സി.എ പരിസരത്ത് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പ്രശസ്ത വയലിനിസ്റ്റ് അപർണ ബാബു സംഗീത വിരുന്നൊരുക്കും. സെപ്റ്റംബർ 16ന് കെ.സി.എ ഹാളിലാണ് 'ഓണസദ്യ' നടത്തുന്നത്. വാർത്തസമ്മേളനത്തിൽ കെ.സി.എ പ്രസിഡന്‍റ് റോയ് സി. ആന്‍റണി, കോർ ഗ്രൂപ് ചെയർമാൻ സേവി മാത്തുണ്ണി, ജനറൽ കൺവീനർ ഷിജു ജോൺ, ബി.എഫ്.സി ബിസിനസ് ഡെവലപ്മെന്‍റ് ഓഫിസർ ആനന്ദ് നായർ, പ്രോഗ്രാം കോഓഡിനേറ്റർമാരായ തോമസ് ജോൺ, ജോബി ജോർജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.