മനാമ: കെ.എം.സി.സി ബഹ്റൈൻ വടകര മണ്ഡലം കമ്മിറ്റിയുടെ ‘ഉണർവ് 2022-23’ പ്രവർത്തക സംഗമം വെള്ളിയാഴ്ച രാത്രി എട്ടിന് മനാമ ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.വടകര എം.എൽ.എ കെ.കെ. രമ മുഖ്യാതിഥിയായി പങ്കെടുക്കും. ദീർഘകാലം കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് പദവി അലങ്കരിച്ച എസ്.വി. ജലീലിനെ പുത്തൂർ അസീസ് സ്മാരക കർമ ശ്രേഷ്ഠ പുരസ്കാര ജേതാവായി പ്രഖ്യാപിച്ചു. പ്രവർത്തക സംഗമത്തിൽ പുരസ്കാരം സമ്മാനിക്കും.
വടകര മണ്ഡലത്തിലെ പ്രവാസികളുടെ വിവരങ്ങൾ ശേഖരിച്ച് നോർക്കയിൽനിന്നും മറ്റും കിട്ടുന്ന ആനുകൂല്യങ്ങൾ സംഘടിപ്പിച്ചു കൊടുക്കുക, പ്രവാസികളായവർക്ക് ചികിത്സ സഹായം നൽകുന്നതിന് വേണ്ടിയുള്ള കാരുണ്യ സ്പർശം, വടകര സി.എച്ച് സെന്റർ പ്രവാസി സേവാ കേന്ദ്രത്തിനു അവിടെ ആവശ്യമായ ജീവനക്കാരെയും കമ്പ്യൂട്ടർ, പ്രിൻറർ മുതലായ അവശ്യവസ്തുക്കളും നൽകി സഹകരിക്കുക തുടങ്ങിയവ മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന പദ്ധതികളിൽ ചിലതാണെന്ന് ഭാരവാഹികൾ പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി കെ.എം.സി.സി ആസ്ഥാനത്തുള്ള മിനി ഹാളിൽ വടകരയുടെ തനിമയുമായി വനിത വിങ്ങിന്റെ ആഭിമുഖ്യത്തിൽ തട്ടുകട ഒരുക്കും. വിവിധ കലാപരിപാടികളോടെ ആരംഭിക്കുന്ന സമ്മേളനം കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും.ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീൻ വെള്ളികുളങ്ങര, സെക്രട്ടറി അസ്ലം വടകര, ജില്ല ജനറൽ സെക്രട്ടറി കെ.കെ അഷ്റഫ്, മണ്ഡലം പ്രസിഡന്റ് അഷ്കർ വടകര, ജനറൽ സെക്രട്ടറി ഷൗക്കത്ത് അലി ഒഞ്ചിയം, വൈസ് പ്രസിഡന്റുമാരായ റഫീഖ് പുളിക്കൂൽ, അബ്ദുൽ ഖാദർ പുതുപ്പണം, സെക്രട്ടറി റഷീദ് വാഴയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.