?ഞാൻ ഒരു സ്ഥാപനത്തിൽ വിസ ഇല്ലാതെ ഏതാണ്ട് നാല് മാസത്തോളം ജോലി ചെയ്തു. എനിക്ക് ഒരു മാസത്തെ ശമ്പളം മാത്രമെ നൽകിയുള്ളൂ. ബാക്കി ശമ്പളം ലഭിക്കാൻ എന്തെങ്കിലും കോടതി നടപടി സ്വീകരിക്കാൻ കഴിയുമോ?
നാസർ കൊച്ചി
• ഇപ്പോൾ കോടതി സ്വീകരിച്ചിരിക്കുന്ന നയം വിസ ഇല്ലാതെ ജോലി ചെയ്യുന്ന സമയത്തെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാനുള്ള പരാതി സ്വീകരിക്കുകയില്ല എന്നതാണ്. അതായത്, തൊഴിൽ വിസ ഇല്ലാത്ത സമയത്ത് അല്ലെങ്കിൽ തൊഴിൽ വിസയിലുള്ള തൊഴിൽ ഉടമയുടെ കൂടെ അല്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് തൊഴിൽ നിയമത്തിൽ പറഞ്ഞിരിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കാൻ കോടതി പരാതി സ്വീകരിക്കുകയില്ല. നിയമപരമല്ലാതെ ജോലി ചെയ്തതിനാൽ നിയമത്തിന്റെ പരിരക്ഷ ലഭിക്കുകയില്ല. വിസയിൽ പറഞ്ഞിരിക്കുന്ന തൊഴിലുടമയുടെ പേരിൽ മാത്രമെ പരാതി സ്വീകരിക്കുകയുള്ളൂ.
? എനിക്ക് ബഹ്റൈനിലെ ഒരു സ്ഥാപനം തൊഴിൽ കരാർ നൽകി. അതുപ്രകാരം ഞാൻ സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. സൗദിയിൽ എനിക്ക് തൊഴിൽ വിസ വേറൊരു കമ്പനിയാണ് നൽകിയിരിക്കുന്നത്. പക്ഷേ, ശമ്പളവും മറ്റും ബഹ്റൈൻ കമ്പനിയാണ് നൽകുന്നത്. എന്തെങ്കിലും കാരണവശാൽ എനിക്ക് ബഹ്റൈൻ കമ്പനി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാതെ വന്നാൽ തൊഴിൽ കരാറിന്റെ അടിസ്ഥാനത്തിൽ എനിക്ക് ബഹ്റൈനിലെ കോടതിയിൽ പരാതി നൽകാൻ കഴിയുമോ?
രവീന്ദ്രൻ കോഴിക്കോട്
•നിയമപരമായി താങ്കൾ സൗദി കമ്പനിയുടെ തൊഴിലാളിയാണ്. അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള തൊഴിൽ തർക്കങ്ങൾ ഉണ്ടെങ്കിൽ സൗദിയിലെ തൊഴിൽ കോടതിയിലാണ് പരാതി നൽകേണ്ടത്. ബഹ്റൈനിൽ തൊഴിൽ വിസ ഇല്ലാത്തതുകൊണ്ട് ബഹ്റൈൻ കോടതി പരാതി സ്വീകരിക്കുകയില്ല. അഥവ സ്വീകരിച്ചാലും എന്റെ അറിവ് അനുസരിച്ച് കോടതി പരാതി തള്ളും. തൊഴിൽ കരാർ ഉള്ളതുകൊണ്ടുമാത്രം താങ്കൾ ഇവിടത്തെ തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല. തൊഴിൽ വിസ ഉണ്ടെങ്കിൽ മാത്രമെ ഇവിടത്തെ തൊഴിൽ നിയമം ബാധകമാവുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.