മനാമ: വിവിധ സ്ഥാപനങ്ങളെ ട്രേഡിങ്ങിന്റെ മറവിൽ ചെക്ക് നൽകി കബളിപ്പിച്ച മലയാളിയുടെ തട്ടിപ്പിന് വലിയ വ്യാപ്തിയുണ്ടെന്ന് വ്യക്തമായി. ‘ഗൾഫ്മാധ്യമം’വാർത്ത പുറത്തുവിട്ടശേഷം അനുദിനം ഇയാൾക്കും സംഘത്തിനുമെതിരെ നിരവധിപേരാണ് പരാതിയുമായി രംഗത്തുവരുന്നത്. തിരുവനന്തപുരം സ്വദേശിയായ ഇയാൾ മുങ്ങിയത് കോടികളുമായാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
അഞ്ചു ലക്ഷം ദീനാറോളം വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ആദ്യ വിവരം. എന്നാൽ, കൂടുതൽ പരാതികൾ വന്നതോടെ ഇതിലും വലിയ തുക തട്ടിയാണ് ഇയാളും സംഘവും മുങ്ങിയതെന്ന് വ്യക്തമാകുന്നു. തട്ടിപ്പ് നടത്താൻ ഒരു വർഷം നീണ്ട ആസൂത്രണമാണ് ഇയാളും സംഘവും നടത്തിയത്. തട്ടിപ്പിനായി വലിയ തുക ഇൻവെസ്റ്റ് ചെയ്തശേഷമാണ് ഇവർ രംഗത്തെത്തിയത്.
ആധുനിക സൗകര്യങ്ങളുള്ള ഓഫിസും ജീവനക്കാരുമടങ്ങുന്ന അന്തരീക്ഷം ഒരുക്കിയശേഷമായിരുന്നു വ്യാപാരസ്ഥാപനങ്ങളെ സമീപിച്ചിരുന്നത്. ജനറൽ ട്രേഡിങ് ആൻഡ് കൺസ്ട്രക്ഷൻ എന്ന നിലയിൽ ലൈസൻസുള്ള സ്ഥാപനത്തിന് ഏകദേശം എല്ലാ ബിസിനസുകളും നടത്താൻ കഴിയുമായിരുന്നു.
ആ സൗകര്യം ഉപയോഗിച്ച് ട്രാവൽ ഏജൻസികൾ, കൺസ്ട്രക്ഷൻ സാധനങ്ങളും ഉപകരണങ്ങളും ഹെവി വെഹിക്കിൾ പാർട്സും വിൽക്കുന്ന കമ്പനികൾ, ഹോട്ടലുകൾ, ഫുഡ്, ഗ്രോസറി, ചിക്കൻ തുടങ്ങിയവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ, ടെലിഫോൺ കമ്പനികൾ അടക്കം ഒരുവിധം എല്ലാസ്ഥാപനങ്ങളെയും ഇവർക്ക് വലയിലാക്കാനായി.
വൈറ്റ് പേപ്പറുകൾ മുതൽ ഹെവി എക്വിപ്മെന്റുകൾ വരെ ഇവർ വാങ്ങിക്കൂട്ടിയവയിൽപ്പെടും. ആദ്യം ഒന്നു രണ്ടുതവണ പണം കൃത്യമായി നൽകുകയും ചെക്കുകൾ കൃത്യമായി പാസാവുകയും ചെയ്തതോടെ കൂടുതൽ തുകയുടെ സാധനങ്ങൾ ക്രെഡിറ്റിൽ നൽകാൻ വ്യാപാരസ്ഥാപനങ്ങൾ തയാറാവുകയായിരുന്നു.
വിശ്വാസ്യത നേടിയെടുക്കാനായി മികച്ച ഓഫിസ് അന്തരീക്ഷവും സ്മാർട്ടായ സ്റ്റാഫുകളും ഈ സ്ഥാപനത്തിനുണ്ടായിരുന്നു. വിദ്യാസമ്പന്നരായ സ്ത്രീകളടക്കമുള്ള ഓഫിസ് ജീവനക്കാരാണ് സ്ഥാപനങ്ങളുമായി സംസാരിച്ച് ബിസിനസ് ഡീലുകൾ ഉറപ്പിച്ചിരുന്നത്. ഈ ജീവനക്കാരെല്ലാം ഒറ്റ ദിവസം കൊണ്ട് അപ്രത്യക്ഷമായത് ദുരൂഹത വർധിപ്പിക്കുന്നു. സാധനങ്ങൾ സ്റ്റോർ ചെയ്യാനായി വലിയ വെയർഹൗസുകളാണ് ഉപയോഗിച്ചിരുന്നത്.
ഇയാളുടെ തട്ടിപ്പ് അറിഞ്ഞ് വ്യാപാര സ്ഥാപനങ്ങൾ വെയർഹൗസിലെത്തിയെങ്കിലും ഒറ്റ ദിവസം കൊണ്ട് സാധനങ്ങൾ കാലിയാക്കി ഇവർ കടന്നതായാണ് അറിയാൻ കഴിഞ്ഞത്. വെയർഹൗസുകളുടെ സ്ഥലം ലീസിനെടുത്താണ് ഉപയോഗിച്ചിരുന്നതെന്നതിനാൽ വെയർഹൗസ് ജീവനക്കാർക്കും ഇവർ സാധനങ്ങൾ മുഴുവൻ കടത്തിക്കൊണ്ടുപോകുകയാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. 2018 ലും സമാനമായ തട്ടിപ്പ് ബഹ്റൈനിൽ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.