ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
? ഞാൻ ഒരു കമ്പനിയിൽ എട്ട് വർഷമായി ജോലിചെയ്തു വരുന്നു. ഇപ്പോൾ റിസൈൻ ലെറ്റർ കൊടുത്തിട്ടുണ്ട്. എനിക്ക് ലീവിങ് ഇൻഡമിനിറ്റി എങ്ങനെയാണ് ലഭിക്കുക. ഒന്ന് വിശദമാക്കാമോ?- അനിൽ
എട്ട് വർഷമായി ജോലി ചെയ്യുന്ന താങ്കൾക്ക് 6.5 മാസത്തെ ശമ്പളം ലീവിങ് ഇൻഡമിനിറ്റി ആയി ലഭിക്കണം. ഇൻഡമിനിറ്റി കണക്കാക്കുന്നത് ആദ്യത്തെ മൂന്നുവർഷം, ഓരോ വർഷവും 15 ദിവസത്തെ ശമ്പളവും അടുത്ത അഞ്ചുവർഷത്തേക്ക് വർഷത്തിൽ ഓരോ മാസത്തെ ശമ്പളവുമാണ്. അങ്ങനെ 6.5 മാസത്തെ ശമ്പളം ഇൻഡമിനിറ്റി ആയി ലഭിക്കണം. ഇൻഡമിനിറ്റി കണക്കാക്കുന്നത് അടിസ്ഥാന ശമ്പളത്തിലാണ്. സോഷ്യൽ അലവൻസ് എന്ന് താങ്കളുടെ കരാറിൽ പ്രത്യേകം എഴുതിയിട്ടുണ്ടെങ്കിൽ ആ അലവൻസും ഇൻഡമിനിറ്റി കണക്കാക്കുന്നതിനുവേണ്ടി അടിസ്ഥാന ശമ്പളത്തിന്റെ കൂടെ ചേർക്കണം. മറ്റ് അലവൻസ് ഒന്നും ഇൻഡമിനിറ്റി കണക്കാക്കാനായി ശമ്പളത്തിന്റെ കൂടെ ചേർക്കാറില്ല.
?കോടതി കേസുകളുടെ വിവരങ്ങൾ ഒരു ബഹ്റൈനി അഭിഭാഷകന് കോടതിയിൽനിന്നും അറിയാൻ സാധിക്കുമോ, അതിന് പവർ ഓഫ് അറ്റോണി വേണമെന്ന് പറയുന്നു. അതിന് ഫീസ് കൊടുക്കണമോ? - ബഷീർ
കോടതിസംബന്ധമായ വിവരങ്ങൾ ഒന്നും തേഡ്പാർട്ടിക്ക് കോടതി നൽകുകയില്ല. താങ്കൾക്ക് സി.പി.ആർ കാണിച്ചാൽ എന്താണ് കേസ്, അതിന്റെ റഫറൻസ് നമ്പർ എന്നിവ കോടതിയിൽനിന്ന് അറിയാൻ സാധിക്കും. ബഹ്റൈനി അഭിഭാഷകന് പവർ ഓഫ് അറ്റോണി ഉണ്ടെങ്കിൽ കേസിന്റെ വിവരങ്ങൾ ഓൺലൈൻ വഴി ലഭിക്കും. ആദ്യം അഭിഭാഷകൻ അദ്ദേഹത്തിന് നൽകിയ പവർ ഓഫ് അറ്റോണി ഓൺലൈനായി കോടതിയിൽ സമർപ്പിക്കണം.
അത് കോടതി അംഗീകരിക്കുകയാണെങ്കിൽ കേസിന്റെ എല്ലാ വിവരങ്ങളും രേഖകളും അഭിഭാഷകന് ഓൺലൈനിൽ ചെക്ക് ചെയ്യുവാൻ സാധിക്കും. അഭിഭാഷകന് കൊടുക്കുന്ന പവർ ഓഫ് അറ്റോണി ബഹ്റൈനിലെ ഒരു നോട്ടറിയുടെ മുന്നിൽ വെച്ച് വേണം ഒപ്പ് വെക്കാൻ. അതിന് കുറഞ്ഞത് 25-30 ദിനാർ ഫീസ് വരും. ഇപ്പോൾ ബഹ്റൈനിൽ പ്രൈവറ്റ് നോട്ടറികൾ ഉണ്ട്. അതുകൊണ്ട് ഏതുസമയത്തും പവർ ഓഫ് അറ്റോണി ഒപ്പുവെക്കാൻ സാധിക്കും. ഗവൺമെന്റ് നോട്ടറിയെ സമീപിക്കണമെങ്കിൽ ഓൺലൈൻ അപ്പോയ്ൻമെന്റ് എടുക്കണം. അത് ലഭിക്കുവാൻ സമയമെടുക്കും. ഗവൺമെന്റ് നോട്ടറിക്ക് ഫീസ് കുറവാണ്. ഏതാണ്ട് ആറു ദിനാർ വരും. അതിനൊപ്പം ട്രാൻസ് ലേഷൻ ചാർജും വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.