ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
സി.പി.ആർ ലഭിക്കാത്തതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ?
?ഞാൻ ബഹ്‌റൈനിൽ വന്നിട്ട് ആറുമാസമാകുന്നു. എനിക്ക് ഇതുവരെ സി.പി.ആർ കിട്ടിയിട്ടില്ല. സ്പോൺസറുടെ അടുത്ത് ചോദിക്കുമ്പോൾ സി.പി.ആറിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നും പിന്നീട് ശരിയാക്കാം എന്നുമാണ് പറയുന്നത്. ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്?
• ഇവിടെ സി.പി.ആർ എല്ലാ കാര്യത്തിനും ആവശ്യമാണെങ്കിലും അത് എടുക്കാത്തതുകൊണ്ട് നിയമപ്രശ്നങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല. കാരണം, താങ്കൾക്ക് ഇവിടെ ജോലി ചെയ്യാനും താമസിക്കാനുമുള്ള വിസ എയർപോർട്ടിൽനിന്നുതന്നെ പാസ്പോർട്ടിൽ പതിച്ചുതരും. സി.പി.ആർ ഇവിടെയുള്ള ഒരു ഐഡിയാണ്. അതിൽ താങ്കളുടെ എല്ലാ വിവരങ്ങളും ഉണ്ടായിരിക്കും. കാർഡ് ലഭിച്ചില്ലെങ്കിൽ വന്ന സമയത്ത് താങ്കൾക്ക് എയർപോർട്ടിൽനിന്ന് ലഭിച്ച ഏതെങ്കിലും രേഖകൾ സൂക്ഷിക്കണം. എന്തെങ്കിലും ആവശ്യം വന്നാൽ അത് കാണിച്ചാൽ മതി. അതിൽ താങ്കളുടെ സി.പി.ആർ നമ്പറുണ്ട്. താങ്കൾക്ക് മെഡിക്കൽ അപ്പോയ്ന്‍റ്മെന്‍റിനുള്ള രേഖയുടെ കോപ്പി അല്ലെങ്കിൽ പാസ്പോർട്ടിൽ പതിച്ച റസിഡൻസ് പെർമിറ്റിന്റെ കോപ്പിയായാലും മതി.
?ഇവിടെ ഒരു കമ്പനിയിൽനിന്ന് ജോലി മതിയാക്കി പോകുന്ന സമയത്ത് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് എന്തെങ്കിലും നിയമമുണ്ടോ? അത് ലഭിക്കുന്നില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?
• ജോലി ചെയ്യുന്ന സമയത്തോ തൊഴിൽ മതിയാക്കി പോകുന്ന സമയത്തോ തൊഴിലാളി ആവശ്യപ്പെട്ടാൽ തൊഴിലുടമ സർവിസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് തൊഴിൽ നിയമത്തിൽ ഒരു വ്യവസ്ഥയുണ്ട്. തൊഴിൽ തുടങ്ങിയ ദിവസം, ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ, തൊഴിൽ പരിചയം, വിദഗ്ധ തൊഴിൽ പരിജ്ഞാനം, തൊഴിൽ മതിയാക്കി പോകാനുള്ള കാരണം, തൊഴിൽ നിർത്തി പോകുന്ന തീയതി എന്നിവയാണ് അതിൽ കാണിച്ചിരിക്കേണ്ട ചുരുങ്ങിയ വിവരങ്ങൾ. സർവിസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഫീസ് ഈടാക്കാൻ പാടില്ല. സർട്ടിഫിക്കറ്റ് നൽകുന്നില്ലെങ്കിൽ തൊഴിൽ മന്ത്രാലയത്തിലോ തൊഴിൽ കോടതിയിലോ പരാതി നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.