മനാമ: നിയമവിരുദ്ധ തൊഴിൽരീതികൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയതിനുശേഷം 83 ക്രിമിനൽ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി എൽ.എം.ആർ.എ അറിയിച്ചു. വർക്ക് പെർമിറ്റില്ലാതെ ജോലിചെയ്ത തൊഴിലാളികൾ, അവരെ ജോലിക്ക് നിയോഗിച്ച തൊഴിലുടമകൾ എന്നിവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഫ്ലെക്സി വിസ അവസാനിപ്പിച്ച് എല്ലാ തൊഴിലാളികൾക്കും രജിസ്ട്രേഷൻ ഏർപ്പെടുത്താൻ അടുത്തിടെ തീരുമാനിച്ചിരുന്നു. നിലവിൽ, ഫ്ലെക്സി വിസയിൽ ജോലി ചെയ്തിരുന്നവരും രേഖകളൊന്നുമില്ലാതെ കഴിയുന്നവരുമാണ് പുതുതായി ആരംഭിക്കുന്ന ലേബർ രജിസ്ട്രേഷൻ സെന്ററിൽ രജിസ്റ്റർ ചെയ്യേണ്ടത്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള പരിഷ്കാരങ്ങളാണ് നടപ്പാക്കിയിരിക്കുന്നതെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് കൂടുതൽ കരുത്തുപകരുന്നതാണ് ഈ തീരുമാനങ്ങൾ. അതേസമയം, നിയമലംഘകർക്കെതിരെ ശക്തമായ നടപടി തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തുടർച്ചയായി നടത്തുന്ന പരിശോധനകളിൽ പിടിയിലാകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ഒരു ദാക്ഷിണ്യവും കാണിക്കില്ല. നിർബന്ധിത തൊഴിൽ, മനുഷ്യക്കടത്ത് എന്നിവ തടയുകയാണ് നടപടികളിലൂടെ അധികൃതർ ലക്ഷ്യമാക്കുന്നത്.നിശ്ചിത ഫീസ് അടച്ച് വർക്ക് പെർമിറ്റ് ലഭിക്കുന്നതുവരെ തൊഴിലാളിയെ ജോലിക്ക് നിർത്തരുതെന്ന് അധികൃതർ തൊഴിലുടമകളോട് ആവശ്യപ്പെട്ടു.
ആവശ്യമില്ലാതെ വർക്ക് പെർമിറ്റ് എടുക്കരുതെന്നും മുന്നറിയിപ്പ് നൽകി.വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുമുമ്പ് പ്രൊബേഷൻ കാലാവധി ഉണ്ടായിരിക്കില്ല. വർക്ക് പെർമിറ്റിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തോ അതേ പ്രവർത്തനം നടക്കുന്ന മറ്റ് ശാഖയിലോ ആയിരിക്കണം ജോലി ചെയ്യേണ്ടത്.രാജ്യത്തെ തൊഴിൽരംഗം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും തൊഴിലിടങ്ങളിലും പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.