ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
?ഞാൻ എന്റെ രാജിക്കത്ത് രജിസ്ട്രേഡ് പോസ്റ്റിൽ അയച്ചു. എന്റെ കമ്പനി ആ പോസ്റ്റ് സ്വീകരിക്കുന്നില്ല. നേരത്തെ രാജിക്കത്ത് മെയിൽ ചെയ്തിട്ടുണ്ട്. ഞാൻ എന്ത് ചെയ്യണം? -വിശാഖ്
• താങ്കൾ നോട്ടീസ് അയച്ചു എന്നുള്ള തെളിവും അതുപോലെ നോട്ടീസ് തിരികെ വന്നെങ്കിൽ അതിന്റെ തെളിവും കൂടി നൽകിയാൽ മതി. നോട്ടീസ് അയക്കേണ്ടത് കമ്പനിയുടെ സി.ആറിൽ കാണിച്ച വിലാസത്തിലാണ്. അതുപോലെ രജിസ്ട്രേഡ് A/C (പിങ്ക് കാർഡ് ) സഹിതം അയയ്ക്കണം. ഇതെല്ലാം കൂടി പുതിയ തൊഴിലുടമക്ക് നൽകിയാൽ അദ്ദേഹത്തിന് താങ്കളുടെ പുതിയ തൊഴിൽ വിസക്ക് അപേക്ഷ നൽകാൻ സാധിക്കും.
?ഞാൻ ഒരു കമ്പനിയിൽ എട്ട് വർഷമായി ജോലി ചെയ്ത് വരുന്നു. ഇപ്പോ രാജിക്കത്ത് കൊടുത്തിട്ടുണ്ട്. എനിക്ക് എന്തൊക്കെ ആനുകൂല്യമാണ് ലഭിക്കുക. വിശദമാക്കാമോ? - റാസിഖ്
• താങ്കൾ എട്ടുവർഷം ജോലി ചെയ്തതുകൊണ്ട് താഴെപ്പറയുന്ന ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്.
1. ജോലി ചെയ്ത ദിവസം വരെയുള്ള ശമ്പളം.
2. അവധി എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അതിന്റെ ശമ്പളം
3. ലീവിങ് ഇൻഡമിനിറ്റി- ഇത് ആദ്യത്തെ മൂന്നുവർഷം, വർഷം തോറും 15 ദിവസത്തെ ശമ്പളവും; ബാക്കിയുള്ള അഞ്ച് വർഷത്തേക്ക് വർഷം തോറും ഓരോ മാസത്തെ ശമ്പളവും നൽകണം. മൊത്തം ആറു മാസത്തെ ശമ്പളം ലീവിങ് ഇൻഡമിനിറ്റി ആയി ലഭിക്കണം.
?ഞാൻ ഒരു ലോജിസ്റ്റിക്ക് കമ്പനിയിൽ ഡെലിവറിയിൽ ജോലി ചെയ്യുന്നു. കമ്പനി റൂൾ അനുസരിച്ച് അമ്പത് വയസ്സ് കഴിഞ്ഞാൽ, വിസ പുതുക്കില്ല. കഴിഞ്ഞ ഡിസംബർ പതിനഞ്ചിന് എന്റെ വിസ തീർന്നു. മാറ്റിയിട്ടില്ല. കമ്പനിയിൽ തന്നെ, ഔട്ട്സോഴ്സിൽ, വർക്ക് ചെയ്യുന്നു. മറ്റൊരു വിസയിലേക്ക് മാറുമ്പോൾ ഫൈൻ അടക്കേണ്ടി വരുമോ? -കുമാർ
• താങ്കൾ വിസ ഇല്ലാതെ ഇവിടെ താമസിച്ചതുകൊണ്ട് തീർച്ചയായും ഫൈൻ നൽകേണ്ടിവരും. വിസയുടെ കാലാവധി കഴിഞ്ഞ് 30 ദിവസത്തെ ഗ്രേസ് പീരിയഡ് ഉണ്ട്. അതിനകം വിസ മാറുകയോ നാട്ടിൽ തിരികെപ്പോകുകയോ ചെയ്യണം. 30 ദിവസത്തെ ഗ്രേസ് പീരിയഡ് ലഭിക്കണമെങ്കിൽ വിസ തീരുന്നതിനുമുമ്പ് താങ്കളുടെ തൊഴിലുടമ തൊഴിൽവിസ കാൻസൽ ചെയ്യണം. കാൻസൽ ചെയ്യുന്ന ദിവസം മുതൽ 30 ദിവസമാണ് ഗ്രേസ് പീരിയഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.