ഉത്രാടപ്പാച്ചിലിനും അലച്ചിലിനും വിരാമമിട്ട് അവസാനമായി പുളിയിഞ്ചിയും കടുമാങ്ങ അച്ചാറും വട്ട ചില്ലുകുപ്പിയിൽ നിറച്ചുെവച്ച് അമ്മ കുളിമുറിയിൽ കയറുമ്പോൾ തിരുവോണത്തിെൻറ മധുരസ്മരണകളുമായി ഞാനും ചേട്ടനും അനിയത്തിയും ഉറക്കം പിടിച്ചിരുന്നു. ഉപ്പേരിയും ശർക്കര വരട്ടിയും തിരുവോണത്തിന് കണികാണാൻപോലും ബാക്കിയുണ്ടാവില്ലന്ന് തിരിച്ചറിവുണ്ടായ അമ്മ കാലിയാകാറായ കുപ്പി എടുത്ത് ഞങ്ങൾ പിള്ളേര് കാണാതെ അടുക്കളയിൽ തട്ടിന് പുറകിൽ ഒളിപ്പിച്ചുവച്ചിരുന്നു.
തിരുവോണത്തിന് രാവിലെ എഴുന്നേറ്റു കുളിച്ചെന്നുവരുത്തി വല്യച്ഛൻ കൊണ്ടുവന്ന പുതിയ ഉടുപ്പും നിക്കറിമിട്ടു പുറത്തിറങ്ങുമ്പോൾ മുറ്റത്ത് ഒരു ഉത്സവത്തിെൻറ പ്രതീതിയായി. അൽപസ്വൽപം തമാശയും നാട്ടുകാര്യവുമായി അച്ഛനും ജ്യേഷ്ഠനും ഉമ്മറത്തും, കളിയും തമാശയും കുറുമ്പുമായി ഞങ്ങൾ കുട്ടികളെല്ലാരും മുറ്റത്തും, അമ്മയും വലിയമ്മയും സദ്യവട്ടത്തിെൻറ തിരക്കിൽ അടുക്കളയിലുമായിരുന്നു. മുറ്റത്ത് ഒത്ത നടുക്ക് പ്രധാന വാതിലിനുമുമ്പിലായി പൂക്കളം ഒരുക്കുന്നതാണ് ആദ്യ പരിപാടി. വട്ടയില കുമ്പിളാക്കി മുറ്റത്തും തൊടിയിലും അടുത്ത വീടുകളിലുമെല്ലാം കയറിയിറങ്ങി തെറ്റിയും ചെമ്പരത്തിയും മുക്കുറ്റിയും ശംഖുപുഷ്പവും കാക്കപ്പൂവും തൊട്ടാവാടിയും കനകാംബരവും തുടങ്ങി കിട്ടാവുന്ന എല്ലാ പൂക്കളും ശേഖരിക്കും. പിന്നെ എല്ലാവരും കൂടിയിരുന്ന് പൂക്കളം ഒരുക്കും.
ഉച്ചക്ക് കാളനും ഓലനും എരിശ്ശേരിയും പുളിശ്ശേരിയും തോരനും എല്ലാം കുട്ടി സമൃദ്ധമായ സദ്യ. അവസാനം പാലടയും പയറ് പായസവും അല്ലെങ്കിൽ അരിപ്പായസവും. വൈകീട്ട് ആകുമ്പോഴേക്കും ക്ലബിെൻറ വക ഓണപ്പരിപാടികൾ തുടങ്ങും. അതിനും പോയി തിരിച്ചെത്തുമ്പോഴാണ് ഒരു തിരുവോണ ദിവസത്തിന് തിരശ്ശീല വീണിരുന്നത്. ഓണത്തിെൻറ ഓർമകളിൽ ഇന്ന് ഏറ്റവും കൗതുകമായി തോന്നുന്നത് വീടിെൻറ പിന്നിലുള്ള വലിയ കൊന്നമരവും അതിലെ ഊഞ്ഞാൽ കെട്ടാൻ വേണ്ടി മാത്രം ഉണ്ടായതുപോലെ തോന്നിപ്പിക്കുന്ന ആദ്യശിഖരവുമാണ്.
മഞ്ഞണിക്കൊന്നയിൽ ഉഞ്ഞാലാടുമ്പോൾ പെയ്യുന്ന മഞ്ഞപ്പൂക്കൾ ഓർമച്ചെപ്പിലെ അമൂല്യനിധിയായി ഇന്നും സൂക്ഷിക്കുന്നു. മതിവരുവോളം ഊഞ്ഞാലാടി സ്കൂൾ തുറന്ന് പിന്നെയും പത്തുപതിനഞ്ചു ദിവസം കഴിഞ്ഞിട്ടേ അതഴിക്കുകയുള്ളു. ഓണത്തിെൻറ ഓർമകളിൽ ഇന്നും അത്ഭുതമായി തോന്നുന്നത് ബന്ധങ്ങളിലെ നിർമലതയായിരുന്നു. സൗഹൃദം ആഴമേറിയതും ഉൗഷ്മളവുമായിരുന്നു. കള്ളവും ചതിവുമില്ലാത്ത, അസൂയയുടെ ലാഞ്ഛനപോലുമില്ലാത്ത, ജാതിമതഭേദമെന്യേ എല്ലാവരെയും ഒരുപോലെ കാണാൻകഴിഞ്ഞ കാലം. അക്കാലത്ത് സ്വന്തം നേട്ടങ്ങളെക്കാളുപരി മറ്റുള്ളവരുടെ വിഷമതകളെപ്പറ്റിയുള്ള കരുതലിനായിരുന്നു പ്രാധാന്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.