അപകട ഇൻഷുറൻസ് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?ഞാൻ ഒരു വർഷത്തോളം ബഹ്റൈൻ പൗരന്റെ കടയിൽ ജോലി ചെയ്തിരുന്നു. 2022 ഏപ്രിൽ മാസം യന്ത്രത്തിൽ കുടുങ്ങി എന്റെ വലതുകൈയുടെ നടുവിരൽ കാൽ ഭാഗം മുറിഞ്ഞുപോയി. ഇൻഷുറൻസ് ലഭിക്കുമെന്നു പറഞ്ഞെങ്കിലും ലഭിച്ചില്ല. ഒരു മാസത്തെ ചികിത്സയിൽ മുറിവുണങ്ങാതെ നാട്ടിൽ പോകേണ്ടിവന്നു. പിന്നീട് രണ്ടു മാസത്തിനു ശേഷമാണ് സ്േപാൺസർ വിസ കാൻസൽ ചെയ്തതായി അറിയുന്നത്. ഇപ്പോൾ ഞാൻ മറ്റൊരു വിസയിൽ ബഹ്റൈനിൽ എത്തിയിട്ടുണ്ട്. അപകടത്തിന്റെ ഇൻഷുറൻസ് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?
മുഹമ്മദ് റെനിൽ
● താങ്കളുടെ കത്തിൽനിന്ന് താങ്കൾ ഏത് തരം വിസയിലാണ് ഇവിടെ വന്നതെന്ന് വ്യക്തമല്ല. കമ്പനി വിസയിലാണെങ്കിൽ ഇവിടെ വരുന്ന ദിവസം മുതൽ സോഷ്യൽ ഇൻഷുറൻസ് ബാധകമാണ്. അതിന് താങ്കൾ ഒന്നും ചെയ്യണമെന്നില്ല. ഡൊമസ്റ്റിക് വിസയിലാണ് ഇവിടെ വന്നതെങ്കിൽ താങ്കൾക്ക് സോഷ്യൽ ഇൻഷുറൻസ് ബാധകമല്ല. വേണമെങ്കിൽ തൊഴിലുടമക്ക് താങ്കൾക്കുവേണ്ടി പ്രത്യേക ഇൻഷുറൻസ് എടുക്കാൻ സാധിക്കും.
താങ്കൾ മുമ്പ് ജോലി ചെയ്തിരുന്നത് കമ്പനി വിസയിൽ ആയിരുന്നെങ്കിൽ സോഷ്യൽ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും.
ആനുകൂല്യം ലഭിക്കണമെങ്കിൽ ഇവിടത്തെ മെഡിക്കൽ കമീഷന്റെ റിപ്പോർട്ട് ലഭിക്കണം. മുറിവെല്ലാം ഉണങ്ങിയെങ്കിൽ ആദ്യം മെഡിക്കൽ കമീഷൻ റിപ്പോർട്ട് ലഭിക്കാനുള്ള നടപടി സ്വീകരിക്കണം. മെഡിക്കൽ കമീഷൻ നിശ്ചയിക്കുന്ന അംഗവൈകല്യത്തിന്റെ തോത് അനുസരിച്ചാണ് നഷ്ടപരിഹാരം ലഭിക്കുക. ഗോസിയിൽ കൊടുത്തിട്ടുള്ള ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം കണക്കാക്കുന്നത്. അതായത്, ഗോസിയിൽ 1000 ദീനാർ ശമ്പളം രേഖപ്പെടുത്തിയ വ്യക്തിക്കും 100 ദീനാർ രേഖപ്പെടുത്തിയ വ്യക്തിക്കും ലഭിക്കുന്ന നഷ്ടപരിഹാരം വ്യത്യസ്തമായിരിക്കും.
ഇതിന്റെ നടപടിക്രമങ്ങളെല്ലാം ചെയ്യേണ്ടത് തൊഴിലുടമയാണ്. അതുപോലെ, അപകടം നടന്ന സമയത്ത് അത് പൊലീസിലും ഗോസിയിലും റിപ്പോർട്ട് ചെയ്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.