മനാമ സെൻട്രൽ മാർക്കറ്റ് നവീകരണ പ്രവർത്തനങ്ങൾ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വാഇൽ അൽ മുബാറക് വിലയിരുത്തുന്നു

അടിമുടി മാറ്റം; മനാമ സെൻട്രൽ മാർക്കറ്റ് നവീകരണ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു

മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ മാർക്കറ്റായ മനാമ സെൻട്രൽ മാർക്കറ്റിനെ അടിമുടി മാറ്റുന്ന പരിഷ്കാരങ്ങൾക്കുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾക്കാണ് അരങ്ങൊരുങ്ങുന്നത്. വികസനത്തിന്റെ ഭാഗമായി 665 യൂനിറ്റുകൾ ഉൾക്കൊള്ളുന്ന മൂന്നു വലിയ കമേഴ്സ്യൽ കോംപ്ലക്സുകളാണ് സെൻട്രൽ മാർക്കറ്റിൽ സ്ഥാപിക്കുന്നത്. പരിസ്ഥിതിക്കിണങ്ങുന്ന രീതിയിൽ, ആധുനിക സംവിധാനങ്ങളോടെയാകും മാർക്കറ്റ് പ്രവർത്തിക്കുക. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ മുനിസിപ്പാലിറ്റികാര്യ, കൃഷിമന്ത്രി വാഇൽ അൽ മുബാറക് കഴിഞ്ഞ ദിവസം പ്രദേശത്ത് സന്ദർശനം നടത്തി.

ബഹ്റൈന്റെ എല്ലാ ഭാഗങ്ങളിലേക്കും ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന കേന്ദ്രം എന്ന നിലയിൽ മനാമ സെൻട്രൽ മാർക്കറ്റിന്റെ സ്ഥാനം അതിപ്രധാനമാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള നവീകരണ, വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടപ്പാക്കുന്നത്. മത്സ്യമാർക്കറ്റിന് മേൽക്കൂര സ്ഥാപിക്കുക, വിവിധ സ്ഥലങ്ങളിൽ സൗരോർജ ലൈറ്റുകൾ സ്ഥാപിക്കുക, വൈദ്യുതിച്ചെലവ് ചുരുക്കാൻ മത്സ്യ, പച്ചക്കറി മാർക്കറ്റുകളിലെ ലൈറ്റുകൾ മാറ്റി എൽ.ഇ.ഡി സംവിധാനമൊരുക്കുക എന്നിവയാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്ന മറ്റു പ്രധാന കാര്യങ്ങൾ. സ്വകാര്യ മേഖലയുമായി ചേർന്ന് ട്രക്കുകളുടെ പാർക്കിങ്ങിന് സൗകര്യമൊരുക്കാനും പദ്ധതിയുണ്ട്. വൈദ്യുതി ഉപഭോഗം 10 മുതൽ 15 ശതമാനം വരെ കുറക്കുന്നതിന് മാർക്കറ്റിലെ ആറ് സബ്സ്റ്റേഷനുകളിൽ പവർ കപ്പാസിറ്ററുകൾ സ്ഥാപിക്കും.

കൂടുതൽ തണലിടങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി മരങ്ങൾ നട്ടുപിടിപ്പിക്കാനും പദ്ധതിയുണ്ട്. മാർക്കറ്റിലെ ശീതീകരണസംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ കാപിറ്റൽ ട്രസ്റ്റീസ് ബോർഡിന് നിർദേശം നൽകി. മാംസമാർക്കറ്റിലെ കംപ്രസറുകളുടെ എണ്ണം വർധിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. എയർ കണ്ടീഷനറുകളുടെ അനുദിന അറ്റകുറ്റപ്പണികൾക്കായി ഒരു കമ്പനിയെ ചുമതലപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

Tags:    
News Summary - Manama Central Market renovation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT