ഭാരതം എന്ന ചരിത്രമുറങ്ങുന്ന പുണ്യസ്ഥലി പാരതന്ത്ര്യത്തിെൻറ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിെൻറ ശുദ്ധവായു ശ്വസിക്കാൻ തുടങ്ങിയിട്ട് മുക്കാൽനൂറ്റാണ്ട് പിന്നിടുന്നു. ബ്രിട്ടീഷുകാരെ കുറിച്ചും ഗാന്ധിജി അടക്കമുള്ള നേതാക്കന്മാരെപ്പറ്റിയുമൊക്കെ പാഠശാലയിൽനിന്ന് പഠിച്ചെടുക്കുന്നതിന് മുമ്പേതന്നെ എെൻറ കുരുന്നു മനസ്സിലേക്ക് പ്രവഹിപ്പിച്ചുതന്ന വലിയ മനുഷ്യനായിരുന്നു എെൻറ വന്ദ്യ പിതാമഹൻ.
പാകിസ്താനിലെ കറാച്ചിയിൽ കച്ചവടമായിരുന്നു അദ്ദേഹത്തിെൻറ ഉപജീവനമാർഗം. പല ദേശീയ നേതാക്കളെയും നേരിൽ കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. സ്കൂളിൽ പിൽക്കാലത്ത് സ്വാതന്ത്ര്യ സമര ചരിത്രങ്ങൾ പഠിക്കുന്ന സമയത്തൊക്കെ എെൻറ മനസ്സിൽ ഉപ്പൂപ്പ പറഞ്ഞ കഥകൾ വല്ലാതെ തികട്ടി വരാറുണ്ടായിരുന്നു.
വിഭജനത്തോടനുബന്ധിച്ച് അരങ്ങേറിയ വർഗീയ ലഹളയുടെയും കൂട്ടക്കുരുതിയുടെയും നടുക്കുന്ന കഥകൾ അദ്ദേഹം പറയുമ്പോൾ എെൻറ കുഞ്ഞുമനസ്സ് വല്ലാതെ സങ്കടപ്പെട്ടുപോയിട്ടുണ്ട്. വിഭജനം യാഥാർഥ്യമായപ്പോൾ കച്ചവടവും ആസ്തികളുമൊക്കെ ഉപേക്ഷിച്ച് മരണം നൃത്തംവെക്കുന്ന അതിർത്തിഗ്രാമങ്ങളിലൂടെ ജീവൻ കൈയിലെടുത്തുപിടിച്ചുകൊണ്ട് നാടണഞ്ഞ കഥ ഒരേസമയത്ത് പേടിപ്പെടുത്തുന്നതും ഒപ്പം കോരിത്തരിപ്പിക്കുന്നതുമായിരുന്നു.
കത്തിച്ചുവെച്ച ചുരുട്ട് ആഞ്ഞുവലിച്ച് പുക പുറത്തേക്ക് വിട്ടുകൊണ്ട് അനുഭവങ്ങളുടെ ഭാണ്ഡക്കെട്ട് കുടഞ്ഞിടുമ്പോൾ അദ്ദേഹത്തിെൻറ മടിയിൽ തലവെച്ച് എെൻറ കുഞ്ഞുമനസ്സ് അജ്ഞാതമായ ആ അതിർത്തി താഴ്വരകളിൽ പേടിയോടെ അലയുകയായിരിക്കും. പല രാത്രികളിലും ഭീകരമായ രംഗങ്ങൾ സ്വപ്നം കണ്ട് ഉറക്കെ കരഞ്ഞ് ഞെട്ടി ഉണർന്നിട്ടുണ്ട് ഞാൻ.
പാകിസ്താൻ അബ്ദുല്ലക്ക എന്ന് നാട്ടുകാർ സ്നേഹപൂർവം വിളിച്ചിരുന്ന പ്രിയപ്പെട്ട ഉപ്പൂപ്പ പറഞ്ഞുതന്ന അവിഭക്ത ഭാരതത്തിെൻറ വീര ചരിതങ്ങൾ ചിതലരിക്കാതെ ഇന്നും മനസ്സിൽ പുഷ്പിച്ചുതന്നെ നിൽക്കുന്നു.
ഒപ്പം ഓരോ സ്വാതന്ത്ര്യദിന നാളിലും ആദ്യാക്ഷരം കുറിച്ച ദേശസേവാ സംഘം എൽ.പി സ്കൂളിലെ അധ്യാപകരുടെ പ്രസംഗങ്ങളും കല്യാണി ഏടത്തിയുടെ കൈപ്പുണ്യം വഴിഞ്ഞൊഴുകുന്ന മധുരമുള്ള പായസവും.
ബഹിരാകാശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ രാകേഷ് ശർമയോട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ചോദിച്ചു.
'ബഹിരാകാശത്തുവെച്ച് നോക്കിയപ്പോൾ നമ്മുടെ ഭാരതം ഏങ്ങനെ കാണപ്പെട്ടു'?
രാകേഷ് ശർമയുടെ മറുപടി പെട്ടെന്നായിരുന്നു. 'സാരെ ജഹാംസേ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാരാ' (ലോകത്തിൽ ഏറ്റവും സുന്ദരമായത് നമ്മുടെ ഇന്ത്യ തന്നെയാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.