മക്ക: സൗദി സുരക്ഷസേനയിൽ കൂടുതൽ വനിത സൈനികർ പരിശീലനം പൂർത്തിയാക്കി. സൗദി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റിന് കീഴിലുള്ള വിമൻസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 142 വനിത സൈനികരാണ് പരിശീലനം പൂർത്തിയാക്കി ബിരുദം നേടി സേനയിൽ ചേർന്നത്.
ആറാമത്തെ വനിത സൈനികരുടെ ബിരുദദാനച്ചടങ്ങാണ് പ്രൗഢമായ പരിപാടികളോടെ കഴിഞ്ഞദിവസം നടന്നത്. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫിന്‍റെ രക്ഷാകർതൃത്വത്തിലും പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്. ജനറൽ മുഹമ്മദ് അൽ ബസ്സാമിയുടെ സാന്നിധ്യത്തിലുമായിരുന്നു വർണാഭമായ ബിരുദദാനച്ചടങ്ങ്. ബിരുദധാരിണികൾ അവരുടെ അടിസ്ഥാന പരിശീലന കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ആപ്ലിക്കേഷനുകളിലും വിവരസാങ്കേതികവിദ്യയിലും വിജ്ഞാനത്തിന്‍റെ വിവിധ ശാഖകളിലുമുള്ള പരിശീലനവും സുരക്ഷ ജോലികളും പ്രത്യേക അസൈൻമെന്‍റുകളുമായുള്ള പരിശീലനവും കായിക അഭ്യാസങ്ങളും ട്രെയിനികൾക്ക് നൽകിയിരുന്നു. സൈനിക ടീമിലെ അംഗങ്ങൾക്ക് വിവിധ മേഖലകളിൽ ആവശ്യമായ പ്രായോഗിക പാഠങ്ങളും ആധുനിക രീതിയിലുള്ള പരിശീലനക്കളരിയും പൂർത്തിയാക്കി.
2019ലാണ് സൗദി അറേബ്യ സൗദി വനിതകളെ സായുധസേനയിൽ എടുക്കാൻ തീരുമാനിച്ചത്. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഏകീകൃത പ്രവേശന പോർട്ടൽ വഴി രാജ്യത്തെ പൗരന്മാരായ പുരുഷന്മാർക്കും സ്ത്രീകൾക്കും സൈനിക തസ്തികകളിലേക്ക് അപേക്ഷിക്കുന്ന രീതിയാണ് നിലവിലുള്ളത്. അപേക്ഷകരിൽ പ്രത്യേകം ഇന്റർവ്യൂ നടത്തിയും കായികക്ഷമത പരിശോധിച്ചുമാണ് സൈനിക ടീമിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത്.
സൗദി അറേബ്യൻ ആർമി, റോയൽ സൗദി എയർ ഡിഫൻസ്, റോയൽ സൗദി നേവി, റോയൽ സൗദി സ്ട്രാറ്റജിക് മിസൈൽ ഫോഴ്സ്, ആംഡ് ഫോഴ്സ് മെഡിക്കൽ സർവിസസ് എന്നിവയിൽ സ്ത്രീകൾക്കും അപേക്ഷിക്കാൻ പ്രത്യേകം നിർദേശം നൽകുന്നുണ്ട്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ വനിത സൈനികരിൽനിന്ന് രാജ്യത്തെ വിവിധ സേന വിഭാഗങ്ങളിലേക്ക് നിയോഗിക്കുമെന്നും സുരക്ഷ മന്ത്രാലയ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.