മനാമ: ഫാഷിസം എഴുത്തുകാരെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് നോവലിസ്റ്റ് എം.മുകുന്ദൻ പറഞ്ഞു. ഇതിെൻറ ഭാഗമായാണ് ഗൗരി ലേങ്കഷിനെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈൻ സന്ദർശനത്തിനെത്തിയ അദ്ദേഹം ‘പ്രതിഭ’ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു.
ഇപ്പോൾ പേനയെ ആരോ പിറകോട്ട് വലിക്കും പോലെയാണ് .
ബഷീർ എഴുതിയ പോലൊന്നും കഥക്ക് പേരിടാൻ പോലുമാകില്ല. എം.ടിയുടെ ‘നിർമാല്യത്തി’ലെ വെളിച്ചപ്പാടിന് ഇപ്പോൾ വിഗ്രഹത്തിന് നേരെ തുപ്പാൻ കഴിയുമെന്നും തോന്നുന്നില്ല.ഫാഷിസ്റ്റുകൾ അടിസ്ഥാനപരമായി ഭീരുക്കളാണ്. അവർ ഭയപ്പെടുന്നത് നിർഭയമായ എഴുത്ത് കാണുമ്പോഴാണ്.
അതാണ് ജർമനിയിൽ ഹിറ്റ്ലർ എഴുത്തുകാരെ തിരഞ്ഞു പിടിച്ചുകൊന്നത്. വിക്ടർ ഹ്യൂഗോ എന്ന എഴുത്തുകാരെൻറ നോവലിെൻറ സ്വാധീനത്താലാണ് ഫ്രാൻസിലെ ഏകാധിപതിക്ക് വാഴാൻ കഴിയാതെ പോയത്. ഹിറ്റ്ലർക്ക് മുമ്പ് വിക്ടർ ഹ്യൂഗോ എന്ന എഴുത്തുകാരൻ ജർമനിയിൽ ജീവിച്ചിരുന്നെങ്കിൽ ഒരു ഹിറ്റ്ലർ ഉണ്ടാകുമായിരുന്നില്ല. അതാണ് എഴുത്തിെൻറ ശക്തി.
ഇക്കഴിഞ്ഞ ദിനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒരു യോഗത്തിൽ എഴുത്തുകാരോട് പറഞ്ഞത് ‘നിങ്ങൾ ഭയക്കേണ്ടതില്ല, കേരളം കൂടെയുണ്ട്’ എന്നാണ്. യോഗം കഴിഞ്ഞ് ഒന്നിച്ചിറങ്ങുമ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു ആ വാക്കുകൾ ഞങ്ങൾക്ക് ബലമാണെന്ന്. കേരള മന:സാക്ഷി ആ വിധമാണ് പ്രതിലോമകാരികൾക്കെതിരെ പടച്ചട്ട അണിഞ്ഞിരിക്കുന്നത്. ഞാൻ 40 വർഷം ജീവിച്ച ഡൽഹിയടങ്ങിയ ഉത്തരേന്ത്യയിൽ നിന്നുള്ള വാർത്തകൾ ഭീതിജനകമാണ്. നാം പ്രതിരോധങ്ങൾ കൂടുതൽ സുസജ്ജമാക്കേണ്ടതുണ്ട്.അടുത്ത മാസം 16ന് ഡൽഹിയിൽ കേരള മുഖ്യമന്ത്രി ഡൽഹി മുഖ്യമന്ത്രി കെജ്രിവാളുമായി കൈകോർത്ത് എഴുത്തുകാരുടെ ഒരു സംഗമം വിളിച്ചു ചേർക്കുന്നുണ്ട്.
വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയെമ്പാടുമുള്ള എഴുത്തുകാർ ഫാഷിസത്തിനെതിരെയുള്ള ഈ നീക്കത്തെ നോക്കി കാണുന്നത്. പ്രവാസികളും ആത്മ പ്രതിരോധത്തിലൂടെ ഫാഷിസ്റ്റ് ശക്തികൾക്കെതിരായ നീക്കത്തിൽ പങ്കാളികളാകണം. അത് എല്ലാ അതിരുകളും ലംഘിച്ച് എഴുതാൻ എഴുത്തുകാർക്ക് ബലം നൽകുമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ ‘പ്രതിഭ’ ജനറൽ സെക്രട്ടറി ഷെറീഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു.പ്രസിഡൻറ് കെ.എം.മഹേഷ് അധ്യക്ഷനായിരുന്നു. പി.ശ്രീജിത്ത് ആശംസ നേർന്നു.സാഹിത്യ വേദി കൺവീനർ ബിനു നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.