മനാമ: കൂഹ്ജി സ്പെഷൽ മെഡിക്കൽ സെന്ററിന് ആരോഗ്യ കാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ശിലാസ്ഥാപനം നിർവഹിച്ചു.
ഗവൺമെന്റ് ഹോസ്പിറ്റൽസിന് കീഴിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലാണ് കൂഹ്ജി സ്പെഷൽ മെഡിക്കൽ കോംപ്ലക്സ് നിർമാണം പൂർത്തീകരിക്കുക. അബ്ദുൽറഹീം അൽകൂഹ്ജി ഫൗണ്ടേഷൻ ധനസഹായം നൽകുന്ന കൂഹ്ജി പ്രൈവറ്റ് മെഡിക്കൽ കോംപ്ലക്സിൽ 15 ക്ലിനിക്കുകൾ, റേഡിയോളജി യൂനിറ്റ്, പ്രസവമുറികൾ, തീവ്രപരിചരണ വിഭാഗം (ഐ.സി.യു), അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന രണ്ട് ഓപറേറ്റിങ് റൂമുകൾ, നിരവധി സ്വകാര്യ മുറികൾ എന്നിവ ഉൾപ്പെടും.
ഭരണാധികാരികളുടെ കലവറയില്ലാത്ത പിന്തുണ വഴി രാജ്യത്തെ ആരോഗ്യ സേവന മേഖല ഏറെ പുരോഗതി പ്രാപിച്ചതായി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. മെച്ചപ്പെട്ട ചികിത്സ രാജ്യത്തിനകത്ത് തന്നെ ലഭ്യമാവുന്ന തരത്തിൽ ആരോഗ്യ മേഖലയിൽ കുതിച്ചുചാട്ടം നടത്താൻ സാധിച്ചിട്ടുണ്ട്. ജനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന ആരോഗ്യ സേവനങ്ങൾ അവർ താൽപര്യപ്പെടുന്ന ആശുപത്രികളിൽ നിന്നും ഡോക്ടർമാരിൽ നിന്നും ലഭ്യമാക്കുന്ന പദ്ധതി വിജയത്തിലെത്തുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
കൂഹ്ജി ഫൗണ്ടേഷൻ നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്നും ഇത്തരത്തിലുള്ള ആദ്യ പദ്ധതി പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ആരോഗ്യ കാര്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ, ഗവൺമെന്റ് ഹോസ്പിറ്റൽസ് സെക്രേട്ടറിയറ്റ് കൗൺസിൽ ചെയർമാൻ ശൈഖ് ഹിശാം ബിൻ അബ്ദുൽ അസീസ് ആൽ ഖലീഫ, സി.ഇ.ഒ ഡോ. മർയം അദ്ബി അൽ ജലാഹിമ, കൂഹ്ജി ഫൗണ്ടേഷൻ സെക്രേട്ടറിയറ്റ് കൗൺസിൽ ചെയർമാൻ അബ്ദുൽ ഗഫ്ഫാർ അബ്ദുറഹീം അൽ കൂഹ്ജി, കൂഹ്ജി കുടുംബാംഗങ്ങൾ, ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.