മനാമ: അടിയന്തര സാഹചര്യങ്ങളിലും അത്യാവശ്യ ഘട്ടങ്ങളിലും സുരക്ഷ ഉറപ്പാക്കാനായി ചെയ്യേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് പൗരന്മാരെയും താമസക്കാരെയും ബോധവത്കരിക്കാനും വേണ്ട മാർഗനിർദേശങ്ങൾ നൽകാനുമായി പുതിയ ഓൺലൈൻ പോർട്ടൽ നിലവിൽ വന്നു.
ദേശീയ സിവിൽ പ്രൊട്ടക്ഷൻ പ്ലാറ്റ്ഫോം (www.ncpp.gov.bh) ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് സുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ നൽകുകയും നവീന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സുരക്ഷ കൈവരിക്കേണ്ടതെങ്ങനെ എന്ന അവബോധം നൽകാനും പോർട്ടൽ ഉപകരിക്കും. വേണ്ട നിർദേശങ്ങൾ ഇംഗ്ലീഷിലും അറബിക്കിലും സൈറ്റിൽ നൽകിയിട്ടുണ്ട്.
അപകട സൈറണുകൾ കേൾക്കുമ്പോൾ പാലിക്കേണ്ട സംഗതികൾ, ദുരന്തങ്ങൾ, ഒഴിപ്പിക്കലുകൾ, അഭയം തേടാനുള്ള നടപടികൾ എന്നിവ സംബന്ധിച്ചും നിർദേശങ്ങൾ ലഭിക്കും.ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും പൊതുവായ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സഹായകരമാണ് പുതിയ പ്ലാറ്റ്ഫോമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് സന്ദർശിക്കവെ മന്ത്രി പറഞ്ഞു. മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തേണ്ടതിന്റെയും അപകടസാധ്യതകൾ നേരിടുന്നതിനുള്ള തയാറെടുപ്പ് വിലയിരുത്തേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്ലാറ്റ്ഫോമിന്റെ ആദ്യ ഘട്ടമാണ് ഇപ്പോൾ പുറത്തിറക്കിയത്. ഓരോ ഘട്ടങ്ങളിലും തുടർച്ചയായി ഇത് മെച്ചപ്പെടുത്തും.റേഡിയോളജിക്കൽ, കെമിക്കൽ, ബയോളജിക്കൽ അപകടങ്ങൾ, തീപിടിത്തം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഭൂകമ്പം, തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ വന്നാൽ എങ്ങനെ പ്രവർത്തിക്കണം എന്നതു സംബന്ധിച്ച നിർദേശങ്ങൾ നൽകുന്ന പ്രത്യേക വിഭാഗം പോർട്ടലിലുണ്ട്. എല്ലാ വീട്ടിലും ഒരു സുരക്ഷാമുറി ഉണ്ടാകേണ്ടതുണ്ട്. അടിയന്തര ഘട്ടങ്ങളിൽ കുടുംബത്തിന് അഭയം പ്രാപിക്കാൻ കഴിയുന്ന രീതിയിൽ വീടിന്റെ താഴത്തെ നിലയിൽ മധ്യഭാഗത്തായിരിക്കണം സുരക്ഷാമുറി ഒരുക്കേണ്ടത്.എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്നതും ഭക്ഷണസാധനങ്ങളും വസ്തുക്കളും സൂക്ഷിക്കാൻ മതിയായ ഇടമുള്ളതുമായിരിക്കണം മുറി.
ജനലുകളിൽ അഗ്നിപ്രതിരോധ ശേഷിയുള്ള ഗ്ലാസും മെറ്റൽ ഫ്രെയിമുകളുമുണ്ടായിരിക്കണമെന്നും പോർട്ടലിൽ പറയുന്നു. എമർജൻസി കിറ്റ്, ബാറ്ററി കൊണ്ട് പ്രവർത്തിപ്പിക്കുന്ന റേഡിയോ, ടിന്നിലടച്ച ഭക്ഷണം, പ്ലാസ്റ്റിക് കവറുകൾ, ബേബി ഫുഡ്, ഡയപർ, പെയിൻ കില്ലറുകൾ, ആന്റാസിഡുകൾ, വയറിളക്കത്തിനുള്ള മരുന്നുകൾ തുടങ്ങിയ കരുതണം.ആവശ്യകതകൾക്കനുസരിച്ച് വളന്റിയർമാർക്ക് പരിശീലനം നൽകും.അടിയന്തര പ്രതികരണ സംവിധാനം പരീക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ഫോണുകളിൽ മെസേജ് അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.