മനാമ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അതിരറ്റ പ്രതീക്ഷകളുമായി 2024 പടികടന്നെത്തുമ്പോൾ, വരവേൽക്കാൻ വ്യത്യസ്ത പരിപാടികളൊരുക്കി കാത്തിരിക്കുകയാണ് ബഹ്റൈൻ. പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് അർധരാത്രിയിൽ ഏഴു ലാൻഡ്മാർക്കുകളിലാണ് തകർപ്പൻ ഫയർവർക്സ് ഒരുക്കിയിരിക്കുന്നത്.
ബഹ്റൈൻ ഫോർട്ട്, വാട്ടർ ഗാർഡൻ സിറ്റി, ബഹ്റൈൻ ഹാർബർ, ബഹ്റൈൻ ബേ, ബഹ്റൈൻ നാഷനൽ മ്യൂസിയം, അൽ നജ്മ ക്ലബ്, മറാസി ബീച്ച് എന്നിവിടങ്ങളിൽ ഡിസംബർ 31ന് രാത്രി നടക്കുന്ന വെടിക്കെട്ട് ആയിരങ്ങളുടെ കണ്ണും മനസ്സും കുളിർപ്പിക്കും. ഇതിനുപുറമെ വാട്ടർ ഗാർഡൻ സിറ്റിയിലെ ഫെസ്റ്റിവൽ സിറ്റിയിൽ നയനാനന്ദകരമായ ലൈറ്റ്, ഡ്രോൺ ഷോകളും നടക്കും. ടൂറിസം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നിരവധി ലൈവ് ഷോകളും ഇവിടെ നടക്കുന്നുണ്ട്. ഈ സ്ഥലങ്ങളിലേക്ക് വൻ ജനപ്രവാഹമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ വലിയ ഗതാഗതക്കുരുക്ക് പ്രതീക്ഷിക്കാം.
അതുകൊണ്ടുതന്നെ നേരത്തേ യാത്ര പുറപ്പെടണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകുന്നു. പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച്, ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിയമങ്ങൾ പാലിക്കാനും ട്രാഫിക് ജീവനക്കാരുമായി സഹകരിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അഭ്യർഥിക്കുന്നു. നിരവധി ഹോട്ടലുകളിൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സംഗീത, നൃത്ത പരിപാടികൾ നടക്കും. റിറ്റ്സ് കാൾട്ടൻ ഹോട്ടൽ, ബഹ്റൈൻ ബേ ഹിൽട്ടൻ ഗാർഡൻ ഇൻ, ജുമേര ഗൾഫ് ഓഫ് ബഹ്റൈൻ റിസോർട്ട് തുടങ്ങി നിരവധിയിടങ്ങളിൽ ലോകപ്രശസ്ത സംഗീത താരങ്ങളും ഡി.ജെകളും ഡിസംബർ 31ന് രാത്രിയിൽ അരങ്ങ് തകർക്കും.
സംഗീതപ്രേമികളുടെ സ്വപ്നങ്ങൾക്ക് ആയിരം വർണങ്ങൾ നൽകാനായി റിറ്റ്സ് കാൾട്ടൻ ഹോട്ടലിൽ ദി വെൽവെറ്റ് സോൾ ബാൻഡുണ്ടാകും. അസുൽ ബീച്ചിൽ ലോകപ്രശസ്ത ഡി.ജെകൾ ചടുലതാളത്തിന്റെ അകമ്പടിയോടെ പുതുവർഷത്തെ വരവേൽക്കും.
ജുമൈറ ഗൾഫ് ഓഫ് ബഹ്റൈൻ റിസോർട്ട് ഡി.ജെ അഗത ഏഞ്ചലിന്റെ തത്സമയ സംഗീതവും സ്വാദിഷ്ഠമായ ഭക്ഷണവുമാണ് ഓഫർ ചെയ്യുന്നത്. സ്പാനിഷ്, ആഫ്രിക്കൻ തുടങ്ങി വിവിധ രാജ്യങ്ങളുടെ സംഗീതം ആസ്വദിക്കാനുള്ള അവസരവും വിവിധ ഹോട്ടലുകൾ വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.