മനാമ: അനന്തവിഹായസ്സിൽ നിന്ന് ഭൂമിയിലേക്ക് മേഘങ്ങൾക്കിടയിലൂടെ ഒഴുകിയിറങ്ങുക. എന്തു രസമാണല്ലേ. ആരുംകൊതിക്കുന്ന ആകാശച്ചാട്ടം നടത്താൻ സാഹസിക യൗവനങ്ങളെ ക്ഷണിക്കുകയാണ് നൂറ ഹസൻ അൽഷർജി. ബഹ്റൈനിലെ ആദ്യത്തെ പ്രഫഷനൽ സ്കൈഡൈവറാണ് റിഫയിൽ താമസിക്കുന്ന ഈ 35കാരി. യുനൈറ്റഡ് സ്റ്റേറ്റ്സ് പാരച്യൂട്ട് അസോസിയേഷന്റെ എ, ബി ലൈസൻസുകൾ ഇതിനകം നേടിയ നൂറ ആക്സിലറേറ്റഡ് ഫ്രീ ഫാളിലടക്കം പ്രാവീണ്യം നേടിയിട്ടുണ്ട്. മികച്ച ഫുട്സാൽ പ്ലെയർ കൂടിയാണ് നൂറ. സ്കൈ ഡൈവിങ് രംഗത്ത് വനിതാ പ്രാതിനിധ്യം കുറവാണ്.
വലിയ റിസ്കുള്ള കായിക വിനോദമെന്ന നിലക്ക് അധികമാരും ആ വഴി പോകാറുമില്ല. പക്ഷേ, ചെറുപ്പം മുതൽ സാഹസികതയോടുള്ള അഭിനിവേശമാണ് സ്കൈ ഡൈവിങ്ങിലേക്ക് ആകർഷിച്ചതെന്ന് നൂറ പറയുന്നു. കൂടുതൽ സ്ത്രീകളെ ഈ മേഖലയിലേക്ക് ആകർഷിക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ആകാശത്തുനിന്നുള്ള ലോകവീക്ഷണം അപൂർവ അനുഭവമാണ്. ഇത് ഒരിക്കലെങ്കിലും അനുഭവിച്ചാൽ ജീവിതംതന്നെ മാറിമറിയുമെന്നും നൂറ പറയുന്നു.
സ്കൈ ഡൈവിങ് കോച്ചാകണമെങ്കിൽ സി-ലൈസൻസ് നേടണം. സി-ലൈസൻസ് ലഭിച്ചാൽ രാത്രിയടക്കം ജംപ് നടത്താനും ലീഡ് ഗ്രൂപ് ജംപ് ചെയ്യാനും സാധിക്കും. സി-ലൈസൻസ് ലഭിക്കണമെങ്കിൽ 200 ജംപുകൾ പൂർത്തിയാക്കിയിരിക്കണം. അതിൽ കുറഞ്ഞത് 60 മിനിറ്റെങ്കിലും നിയന്ത്രിത ഫ്രീഫാളായിരിക്കുകയും വേണം. ഒരു സ്കൈഡൈവറിന് നേടാനാകുന്ന ഏറ്റവും ഉയർന്ന ലൈസൻസാണ് ഡി-ലൈസൻസ്.
ഇത് ലഭിക്കണമെങ്കിൽ 500 ജംപുകൾ പൂർത്തിയാക്കണം.ഡി-ലൈസൻസ് ലഭിച്ചാൽ വിവിധ വിഭാഗങ്ങളിലുള്ളവരെ പരിശീലിപ്പിക്കാൻ കഴിയും. ബഹ്റൈനിലെ ആദ്യ വനിതാ സ്കൈഡൈവിങ് കോച്ചായി മാറി, വനിതകളെ കൂടുതലായി ഈ കായിക വിനോദത്തിലേക്ക് ആകർഷിക്കാനാണ് തീരുമാനം. ഈ ലക്ഷ്യം കൈവരിക്കാനുള്ള കഠിന പരിശ്രമത്തിലാണ് നൂറ ഇപ്പോൾ. നാലുവർഷം മുമ്പ് മാത്രമാണ് നൂറ സ്കൈ ഡൈവിങ്ങിനിറങ്ങിത്തിരിച്ചത്.
ദുബൈ, അബൂദബി, കുവൈത്ത്, അടക്കം ജി.സി.സി രാജ്യങ്ങളിൽ അങ്ങോളമിങ്ങോളം സ്കൈ ഡൈവിങ് നടത്തി. ഈജിപ്തിലാണ് അടുത്ത സ്കൈഡൈവിന് പദ്ധതിയിട്ടിരിക്കുന്നത്. ബഹ്റൈനിലെ ഇൻഡോർ സ്കൈഡൈവിങ് സെന്ററിൽ അതിനുള്ള കഠിന പരിശീലനത്തിലാണിപ്പോൾ നൂറ. അവരവരുടെ മനസ്സ് മാത്രമാണ് പ്രതിബന്ധമെന്നും അത് മറികടന്നാൽ വനിതകൾക്കുമുന്നിൽ വിശാലമായ ആകാശമാണുള്ളതെന്നും നൂറ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.