മനാമ: പാരിസ് ഒളിമ്പിക് ഗെയിംസിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ബഹ്റൈൻ അത്ലറ്റുകളെ ഹമദ് രാജാവ് അഭിനന്ദിച്ചു. എല്ലാ മെഡൽ ജേതാക്കളെയും അഭിനന്ദിച്ച അദ്ദേഹം ഭാവി ഉദ്യമങ്ങളിൽ തുടർന്നും വിജയിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
കായിക വികസനത്തിനും അന്താരാഷ്ട്ര തലത്തിൽ മികച്ച ഫലങ്ങൾ നേടുന്നതിനും സഹായകമായ പരിപാടികളും സംരംഭങ്ങളും നടത്തേണ്ടതിന്റെ പ്രാധാന്യം ഹമദ് രാജാവ് ഊന്നിപ്പറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ ഹമദ് രാജാവ് സ്വീകരിച്ചു.
സമഗ്ര വികസന പ്രക്രിയയും ദേശീയ മുന്നേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. മിഡിൽ ഈസ്റ്റ് സംഘർഷങ്ങളും ഗസ്സ മുനമ്പിലെ മാനുഷിക സാഹചര്യവും ഉൾപ്പെടെ പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ ഇരുവരും അവലോകനം ചെയ്തു. ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി സമഗ്രവും നീതിപൂർവവും ശാശ്വതവുമായ സമാധാന പദ്ധതിയുടെ ആവശ്യകത ഹമദ് രാജാവ് ഊന്നിപ്പറഞ്ഞു.
പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും ബഹ്റൈന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.