ഓണം എന്ന് പറയുമ്പോൾ ഓർമയിൽ ഓടിയെത്തുന്നത് കുട്ടിക്കാലം തന്നെയാണ്. ഉത്രാട ദിവസം അച്ഛനുമൊത്തു പോയി കുപ്പിവളകളും മാലയും കമ്മലുമൊക്കെ വാങ്ങിയതിന്റെ ഒളിമങ്ങാത്ത ഓർമകൾ...കൊല്ലം ജില്ലയിലെ ഓച്ചിറക്കടുത്ത തഴവ എന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് എന്റെ വീട്. അത് കൊണ്ടു തന്നെ ഓണത്തെ വരവേൽക്കാൻ നാടും വീടും ഒക്കെ ഒരു മാസം മുമ്പ് തന്നെ തയാറെടുപ്പുകൾ തുടങ്ങും.
എന്റെ വീട്ടിൽ അച്ഛനുമമ്മക്കും ഉള്ള ഒരേയൊരു പെൺകുട്ടിയാണ് ഞാൻ. എനിക്ക് താഴെ രണ്ട് സഹോദരന്മാരാണ്. അയൽപക്കത്തെ പെൺകുട്ടികളാണ് അക്കാലത്ത് എന്റെ കൂട്ട്. ഓണപ്പരീക്ഷ ഒക്കെ കഴിഞ്ഞാൽ ഞങ്ങൾ കുട്ടികളൊക്കെ ഓണത്തെ വരവേൽക്കാനുള്ള ഭയങ്കര ഉൽസാഹത്തിലായിരിക്കും.കുട്ടികൾ ആണെങ്കിലും ഞങ്ങൾ കുട്ടികളുടെ ഇടയിൽതന്നെ കുഞ്ഞു കുഞ്ഞു അസൂയയും കുശുമ്പും ഒക്കെ ഉണ്ടായിരുന്നത് ഇപ്പോൾ ഓർക്കുമ്പോൾ വളരെ രസകരമായി തോന്നുന്നു. അതിൽ പ്രധാനപ്പെട്ടത് ഞങ്ങൾ പെൺകുട്ടികളുടെ ഇടയിലുള്ളതാണ്. എന്റെ അയൽ വീടുകളിൽ ഒരു വീട്ടിൽ തന്നെ രണ്ട് മൂന്ന് പെൺകുട്ടികൾ വീതമുണ്ട്. അവർക്കൊക്കെ ഓണത്തിനുള്ള വളയും മാലയും വാങ്ങിയതിനു ശേഷമേ എനിക്ക് വാങ്ങിപ്പിക്കാറുള്ളൂ. അവരേക്കാൾ കൂടുതൽ വാങ്ങാനുള്ള അന്നത്തെ ഒരു മത്സരം.
ഞാൻ വീട്ടിൽ ഒരേയൊരു പെൺകുട്ടി ആയതുകൊണ്ട് വീട്ടിൽ എല്ലാവർക്കും വാത്സല്യവും ശ്രദ്ധയും കൂടുതലായിരുന്നു. എന്ത് ചെയ്യുമ്പോഴും അമ്മൂമ്മ പിന്നാലെ വരും. കളിക്കാൻ പോകുമ്പോഴും അമ്മൂമ്മ അവിടെ വന്ന് നിൽക്കും. ഓണത്തിനായി അയൽവീട്ടിൽ തിരുവാതിരക്കളി പരിശീലിക്കുമ്പോഴും അമ്മൂമ്മ നോക്കിയിരിക്കും. അമ്മൂമ്മ ഇന്ന് ജീവിച്ചിരിപ്പില്ല. ഓണത്തലേന്ന് വീട്ടിലെല്ലാവരും ഉറക്കമൊഴിച്ച് കായ ഉപ്പേരിയും, അവലോസുപൊടിയും, ഉണ്ണിയപ്പവും, അച്ചപ്പവും ഒക്കെ ഉണ്ടാക്കും.
ഓണ ദിവസം രാവിലെ ആദ്യം കഴിക്കുന്നത് അവലോസുപൊടിയായിരിക്കും. അപ്പോഴും കായ വറുത്ത് കഴിഞ്ഞിട്ടുണ്ടാകില്ല. ഓണ ദിവസം പറമ്പിലൊക്കെ നടന്ന് തുമ്പപ്പൂവ് ഒക്കെ പറിച്ചു കൊണ്ട് വന്നിട്ടാണ് പൂക്കളം ഇടാറ്. അയൽവീട്ടിലെ ചെറിയ കുട്ടികളാണ് അന്നെന്റെ കൂട്ട്. ഓർക്കാൻ ഇനിയും എന്തെല്ലാം. ഓർമയിലെന്നും തങ്ങിനിൽക്കുന്നു ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആ ഓണക്കാലവും ഓണപ്പൂക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.