ഓണം വന്നേ എന്നു പറയുമ്പോള്‍ തന്നെ ഓര്‍മവരുന്നത് തൊട്ടടുത്ത വീട്ടിലെ അമ്മാവനെയാണ്. എന്റെ വീടിന് അടുത്ത് ഒക്കെ ഹിന്ദുസമുദായക്കാരുടെ വീടായിരുന്നു. ആ വീട്ടിലെ അമ്മാവന് ആണ് ട്ടോ. കര്‍ക്കടക വാവ് ആവുമ്പോ അമ്മാവന് കലിയൻ കൊടുക്കുക എന്നൊരു പതിവ് ഉണ്ടായിരുന്നു.
പ്ലാവിലകൊണ്ട് ചട്ടിയും കലവും, കാളയുടെ രൂപവും പിന്നെ വാഴത്തണ്ടുകൊണ്ട് ചെറിയ ഏണിയുടെയും കോലിന്റെയും രൂപവും അങ്ങനെ കുറെ സാധനങ്ങള്‍ ഉണ്ടാവും. ചോറും കറികളും ചക്ക കൂട്ടാനും ചിരട്ടയിൽ തേങ്ങ വെള്ളവും പൂളും ഉണ്ടാവും. പിന്നെ ഒരു കിണ്ടിയിൽ വെള്ളവും. ഒപ്പം തന്നെ അമ്മു ഏടത്തി ഒരു ചൂട്ട് കത്തിച്ചു പിടിച്ചിട്ട് വീടിന് ചുറ്റും നടന്ന് പ്ലാവിന്റെ ചുവട്ടില്‍ കൊണ്ടുപോയി വെക്കും. എന്നിട്ടു ഉച്ചത്തില്‍ ഒരു വിളിയുണ്ട്. ‘‘ഏണിയും കോലും കൊണ്ടോയിക്കോളിയോ. ചോറും കൂട്ടാനും കൊണ്ടോയിക്കോളിയോ, ആപത്തൊക്കെ കൊണ്ടോയി സമ്പത്തും ഐശ്വര്യവും കൊണ്ട് വരിം’’
ഇത് നമുക്ക് വീട്ടിലേക്ക് കേൾക്കാം. അതും മഗ്രിബിന്റെ നേരത്ത് ഈ കലിയൻ വരുമെന്ന് പറഞ്ഞു പേടിപ്പിച്ച് ഉമ്മ അനിയത്തിക്ക് ചോറു കൊടുക്കും. അപ്പോൾ എന്റെ വല്യുമ്മ പറയും. കര്‍ക്കടകത്തിലെ പഞ്ഞം മാറി ചിങ്ങത്തിൽ ഓണം ആവുമ്പോഴേക്കും സമ്പത്ത് കൊണ്ടുവരാനാണ് അങ്ങനെ ചെയ്യുന്നത്. അപ്പോൾ മുതൽ ഓണത്തിനായി കാത്തിരിപ്പാണ്. ഓണ പൂക്കളമിടാനും സദ്യയുണ്ണാനൊക്കെ.
ഓണം ആയാൽ അമ്മാവന് വീണ്ടും ഒരു രൂപം മുറ്റത്ത് വെക്കും. തൃക്കാക്കര അപ്പൻ ആണത്രേ. അതിനു ചുറ്റുമാണ് പൂ ഇടുന്നത്.
അനിയത്തിക്ക് ചോറ് കൊടുക്കാൻ ഉമ്മാക്ക് വീണ്ടും ഒരാളായി. അങ്ങനെ ഒരുപാട് ഓർമകള്‍ ഓണത്തിന് ചുറ്റിപ്പറ്റി കിടക്കുന്നു. ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊന്നും കാണിച്ച് കൊടുക്കാൻ അമ്മാവനുമില്ല, അമ്മു ഏടത്തിയുമില്ല. ഇനി ഉണ്ടെങ്കിൽ തന്നെ മക്കള്‍ക്ക് ഇതൊന്നും കാണുകയും വേണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.