മനാമ: ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവിസുകൾക്ക് ഈടാക്കുന്ന ഉയർന്ന നിരക്ക് കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ എന്നിവർക്ക് എൻ.സി.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസിസ് നിവേദനം സമർപ്പിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് മഹാമാരിമൂലം ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും നാട്ടിലേക്കു പോകാന്‍ കഴിയാതെ വിദേശത്ത് തുടരുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഇപ്പോൾ കര്‍ശന യാത്രാനിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ പല അത്യാവശ്യങ്ങള്‍ക്കുമായി നാട്ടിലേക്കു പോകാനൊരുങ്ങുന്നവര്‍ക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ ഭീമമായ തുകയാണ് ഗൾഫ് മേഖലയിലേക്കുള്ള വിമാനക്കമ്പനികൾ ഈടാക്കുന്നത്.
കോവിഡ് മഹാമാരി കാരണം തൊഴിൽ നഷ്ടപ്പെട്ട് വരുമാനം നിലയ്ക്കുകയും കുറയുകയും ചെയ്ത സാധാരണക്കാരായ പ്രവാസികള്‍ വർഷങ്ങളായി നാട്ടിലേക്ക് കുടുംബത്തോടൊപ്പം മടങ്ങാൻ കഴിയാതെ പ്രയാസപ്പെടുകയാണ്.
ഭീമമായ ടിക്കറ്റ് ചാർജ് താങ്ങാൻ പറ്റുന്ന അവസ്ഥയല്ല ഇന്ന് ഇവര്‍ക്കുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വരെയാണ് പല വിമാനക്കമ്പനികളും ഇപ്പോള്‍ നിരക്ക് ഈടാക്കുന്നതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
പ്രവാസികളുടെ അടിയന്തര പ്രാധാന്യമുള്ള ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്ന് ബഹ്റൈന്‍ ഒ.എൻ.സി.പി പ്രസിഡന്റ് എഫ്.എം. ഫൈസല്‍, സെക്രട്ടറി രജീഷ് എട്ടുകണ്ടത്തില്‍, ട്രഷറര്‍ ഷൈജു കന്പ്രത്ത്, വൈസ് പ്രസിഡന്റ് സാജിര്‍ ഇരിവേരി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ നയീം പന്‍കാര്‍ക്കര്‍, അയാസ് ശൈഖ് (മഹാരാഷ്ട്ര) എന്നിവര്‍ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.