മനാമ: നിരവധി പേരെ ഓൺലൈൻ തട്ടിപ്പിനിരയാക്കിയ സംഘത്തെ ബഹ്റൈനിൽ പിടികൂടി. ഏഷ്യക്കാരടങ്ങുന്ന സംഘമാണ് പിടിയിലായതെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ആളുകളെ ഫോൺ വിളിച്ച് തട്ടിപ്പിനിരയാക്കുകയായിരുന്നു സംഘത്തിന്റെ രീതി. ഇവരുടെ കെണിയിൽപ്പെട്ട് 11,000 ദീനാർ നഷ്ടമായ സ്വദേശി പൗരൻ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്.
ഒരു ബാങ്ക് ഉദ്യോഗസ്ഥൻ എന്നുപറഞ്ഞാണ് തട്ടിപ്പുകാരൻ ബഹ്റൈനിയെ ഫോണിൽ വിളിച്ചത്. തുടർന്ന് ഇയാളിൽനിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. പരാതി ലഭിച്ചതിനെത്തുടർന്ന് അധികൃതർ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.ബാങ്ക് രേഖകൾ പരിശോധിച്ച് പണം എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്തിയ സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതികൾ തട്ടിപ്പിനുപയോഗിച്ച മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.
മറ്റു നിരവധി പേരിൽനിന്നും ഇവർ പണം തട്ടിയെടുത്തതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇവരുടെ അക്കൗണ്ടുകളിൽനിന്നുള്ള പണം കൈമാറ്റം ബാങ്കുകളുമായി ബന്ധപ്പെട്ട് അധികൃതർ തടഞ്ഞു. പ്രതികളുടെ അക്കൗണ്ടുകളിൽനിന്ന് 42,000 ദീനാറോളം അധികൃതർ കണ്ടുകെട്ടുകയും ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
ഓൺലൈൻ തട്ടിപ്പുകൾ ദിനംപ്രതിയെന്നോണം ആവർത്തിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബഹ്റൈൻ പോസ്റ്റ് പോലെ ഔദ്യോഗിക സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ഇലക്ട്രോണിക് ലിങ്ക് ടെക്സ്റ്റ് മെസേജായി അയക്കുകയാണ് തട്ടിപ്പുകാരുടെ രീതികളിലൊന്ന്. ബെനഫിറ്റ് പേ, ബാങ്ക് അക്കൗണ്ട് എന്നിവ അപ്ഡേറ്റ് ചെയ്യുക എന്നു പറഞ്ഞും വ്യാജ സന്ദേശങ്ങൾ അയക്കാറുണ്ട്. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ടിലെ പണം നഷ്ടമാകും. അതിനാൽ, ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് ആവശ്യപ്പെട്ട അധികൃതർ ബാങ്കുകൾ വ്യക്തിഗത വിവരങ്ങൾ ഫോണിലൂടെ ചോദിക്കാറില്ലെന്നും വ്യക്തമാക്കി. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ 992 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിവരം അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.