മനാമ: ഒാൺലൈൻ തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടമാകുന്ന സംഭവങ്ങൾ വർധിക്കുന്നു. കുറ്റാന്വേഷണ വിഭാഗത്തിൽ എത്തുന്ന പരാതികൾ തന്നെ ഇതിന് തെളിവാണ്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് ഒാൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. ചെറിയ തുക മുതൽ വൻ തുക വരെ നഷ്ടമാകുന്നവർ ഇക്കൂട്ടത്തിലുണ്ട്.
പ്രമുഖ മൊബൈൽ കമ്പനിയിൽനിന്ന് വിളിക്കുന്നു എന്ന പേരിൽ വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ട്. സി.പി.ആർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നായിരിക്കും ആവശ്യപ്പെടുക. ലോട്ടറി അടിച്ചിട്ടുണ്ടെന്നും പണം കൈമാറുന്നതിന് സി.പി.ആർ നമ്പർ നൽകണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെടും. സി.പി.ആർ നൽകിയാൽ അക്കൗണ്ടിലുള്ള പണം നഷ്ടമാകുമെന്നുറപ്പ്. ഇത്തരത്തിൽ ദിവസവും നിരവധി പരാതികളാണ് അധികൃതർക്ക് ലഭിക്കുന്നത്.
മുമ്പ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി തുടങ്ങിയവയാണ് തട്ടിപ്പുകാർ ചോദിച്ചിരുന്നതെങ്കിൽ ഇപ്പോൾ സി.പി.ആർ നമ്പർ മാത്രമാണ് ആവശ്യപ്പെടുന്നത്. കൂടുതൽ സാേങ്കതിക 'മികവി'ലേക്ക് തട്ടിപ്പുകാർ മാറിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വിദേശത്തുനിന്നുള്ള തട്ടിപ്പുകാർക്ക് ബഹ്റൈനിൽനിന്നുള്ളവരുടെ സഹായവും ലഭിക്കുന്നുണ്ടെന്ന് സംശയമുണ്ട്.
ആവശ്യമായ രഹസ്യ വിവരങ്ങൾ ഇരയുടെ പക്കൽനിന്ന് ലഭിച്ചാൽ പല തവണയായിട്ടാണ് അധിക കേസുകളിലും പണം പിൻവലിക്കുന്നത്. 10 മിനിറ്റിനുള്ളിൽ ഇത് നടന്നുകഴിഞ്ഞിരിക്കും. വിദ്യാസമ്പന്നരായ ആളുകളാണ് തട്ടിപ്പിൽ കുടുങ്ങുന്നവരിൽ അധികവും. നിരവധി മലയാളികളും ഒാൺലൈൻ തട്ടിപ്പുകാരുടെ കെണിയിൽപെട്ടിട്ടുണ്ട്.
തട്ടിപ്പിനിരയായാൽ ബാങ്കിൽ പരാതി നൽകുകയാണ് ആദ്യം വേണ്ടത്. തുടർന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള 992 എന്ന നമ്പറിൽ വിളിച്ച് പരാതിപ്പെടണം. അവർ അറിയിക്കുന്നതിനനുസരിച്ച് അദ്ലിയയിലെ സി.െഎ.ഡി ഒാഫിസിൽ എത്തി ബാങ്ക് സ്റ്റേറ്റ്മെൻറ്, സി.പി.ആർ എന്നിവ സഹിതം പരാതി നൽകാവുന്നതാണ്.
പലപ്പോഴും ആളുകൾ പരാതിപ്പെടാൻ മടിക്കുന്നതാണ് തട്ടിപ്പുകാർക്ക് സഹായമാകുന്നതെന്ന് സാമൂഹികപ്രവർത്തകൻ അബൂബക്കർ ഇരിങ്ങണ്ണൂർ പറഞ്ഞു. നാണക്കേട് കാരണമാണ് പലരും തട്ടിപ്പിനിരയായ വിവരം പുറത്തുപറയാൻ മടിക്കുന്നത്. ഒരു മടിയും വിചാരിക്കാതെ പരാതി നൽകാൻ തയാറാകണമെന്ന് അദ്ദേഹം ഒാർമിപ്പിക്കുന്നു. ഏത് ഭാഷയിൽ സംസാരിക്കാനും തട്ടിപ്പുകാരുടെ അടുത്ത് ആളുകളുണ്ട്. ഇരയോട് ഏത് ഭാഷയാണ് വേണ്ടതെന്ന് ആദ്യം തന്നെ ചോദിക്കും. ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ സംസാരിക്കാൻ ആളുകൾ റെഡിയാണ്.
സംശയകരമായ കോളുകൾ വന്നാൽ എടുക്കാതിരിക്കുക എന്നതാണ് പ്രതിവിധി. സി.പി.ആർ നമ്പർ, ഒ.ടി.പി തുടങ്ങിയ വിവരങ്ങൾ ആർക്കും നൽകാതിരിക്കാനും ശ്രദ്ധിക്കണം. ബാങ്കുകളോ മൊബൈൽ കമ്പനികളോ ഇത്തരം വിവരങ്ങൾ ഫോണിലൂടെയോ എസ്.എം.എസ് വഴിയോ വാട്സാപ്പിലൂടെയോ ആവശ്യപ്പെടാറില്ല. വിദേശത്തുനിന്നുള്ള നമ്പറുകളിൽനിന്നും ബഹ്റൈൻ നമ്പറിൽനിന്നും തട്ടിപ്പുകാർ വിളിക്കാറുണ്ട്. അതിനാൽ, തികഞ്ഞ ജാഗ്രത പുലർത്തുകയാണ് പോംവഴി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.