മനാമ: പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട വിവരങ്ങൾ സമർപ്പിക്കാൻ ആരോഗ്യ പരിപാലന വിദഗ്ധർക്കായി ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു. രാജ്യത്ത് പകർച്ചവ്യാധികളുടെ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനും വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമാവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് സഹായകരമായാണ് പുതിയ സംവിധാനം.
പകർച്ചവ്യാധികൾ കണ്ടെത്തിയാൽ സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അവ പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തണം. ആരോഗ്യ സ്ഥാപനങ്ങളെ പബ്ലിക്ക് ഹെൽത്ത് ഡയറക്ടറേറ്റുമായി (പി.എച്ച്.ഡി) ബന്ധിപ്പിക്കാനും പുതിയ സംവിധാനം സഹായകരമാണെന്ന് പി.എച്ച്.ഡി ഡയറക്ടർ ഡോ. മുഹമ്മദ് അൽ അവാദി പറഞ്ഞു. ക്ലിനിക്കുകളും ആശുപത്രികളും ഉൾപ്പെടെ 80ഓളം ആരോഗ്യ സ്ഥാപനങ്ങൾക്ക് പരിശീലനം നൽകുകയും പ്രത്യേക ഇലക്ട്രോണിക് ലോഗിൻ കീ നൽകുകയും ചെയ്തിട്ടുണ്ട്. അഞ്ചാംപനി, ടെറ്റനസ്, എച്ച്.ഐ.വി, കോളറ, ടൈഫോയ്ഡ് പനി, എലിപ്പനി തുടങ്ങിയ ഗ്രൂപ് എ രോഗങ്ങൾ 24 മണിക്കൂറിനുള്ളിൽ ആരോഗ്യ വിദഗ്ധർ പ്ലാറ്റ്ഫോമിൽ റിപ്പോർട്ട് ചെയ്യണം.
സ്കാബിസ്, ചിക്കൻപോക്സ്, മലേറിയ, സിഫിലിസ്, ഇൻഫ്ലുവൻസ എന്നിവ ഉൾപ്പെടുന്ന ഗ്രൂപ് ബി, ഗ്രൂപ് സി എന്നിവക്കുകീഴിൽ ലിസ്റ്റുചെയ്തിരിക്കുന്ന രോഗങ്ങൾ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കണം. രോഗബാധിതരായ മൃഗങ്ങളിൽനിന്ന് ആളുകളിലേക്ക് പകരുന്ന രോഗങ്ങളാണ് ഗ്രൂപ് ഡിയിൽ വരുന്നത്. ഈ അസുഖങ്ങൾ പലപ്പോഴും ബാക്ടീരിയ, വൈറസുകൾ, ഫംഗസുകൾ എന്നിവ മൂലമാണ് ഉണ്ടാകുന്നത്. ഇവ വരാതിരിക്കാൻ ശുചിത്വം പാലിക്കുക, വന്യജീവികളുമായുള്ള സമ്പർക്കം ഒഴിവാക്കുക തുടങ്ങിയവ ചെയ്യണം.
ഏറ്റവും പുതിയ ആരോഗ്യ സംബന്ധിയായ അറിയിപ്പുകളും മറ്റും ഔദ്യോഗിക പ്ലാറ്റ്ഫോമായ healthalert.gov.bhൽ ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.ആരോഗ്യ അവബോധം വളർത്തുന്നതിനുള്ള മാർഗനിർദേശങ്ങളും വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.