മനാമ: ബഹ്റൈൻ ബേയിലെ ഒനിക്സ് റോട്ടാന ഹോട്ടൽ ഉപ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. മേഖലയിലെ ഏറെ ശ്രദ്ധേയമായ ടൂറിസ്റ്റ് കേന്ദ്രമായി ബഹ്റൈൻ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഹോട്ടൽ മേഖലയിലെ വളർച്ച അനിവാര്യമാണെന്ന് ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല വ്യക്തമാക്കി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോട്ടലുകളും കോൺഫറൻസ് കേന്ദ്രങ്ങളും ബഹ്റൈനെ വിവിധ പരിപാടികളുടെയും സമ്മേളനങ്ങളുടെയും വേദിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ കാഴ്ചപ്പാടുകളും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശങ്ങളും രാജ്യത്തിന്റെ വളർച്ചയിൽ ഏറെ പങ്കുവഹിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ മന്ത്രിമാരും പാർലമെന്റ്, ശൂറ കൗൺസിൽ അംഗങ്ങളും വ്യാപാര പ്രമുഖരും ക്ഷണിക്കപ്പെട്ടവരും സന്നിഹിതരായിരുന്നു. ഉപപ്രധാനമന്ത്രിയെ അബ്ദുൽ ഗഫ്ഫാർ അൽ കൂഹ്ജി, മുഹമ്മദ് അൽ കൂഹ്ജി എന്നിവർ ചേർന്ന് സ്വീകരിച്ചു. ഈ വർഷം തന്നെ വിവിധ ഹോട്ടലുകളാണ് ബഹ്റൈൻ ബേയിൽ പ്രവർത്തനമാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.